പണ്ട് പണ്ട് ഒരു കാമുകനും കാമുകിയും ഉണ്ടായിരുന്നു. കാമുകി ഹൃദയ ഗുണങ്ങളുടെയെല്ലാം ആള്‍രൂപമായിരുന്നു. കാമുകനാകട്ടെ ഒരു സാധാരണക്കാരനും. അയാള്‍ ഉറക്കിലും ഉണര്‍വിലും അവളെ മാത്രം നിനച്ചു.
ഒരു നാള്‍ അവന്‍ അവളുടെ വാതിലില്‍ മുട്ടിവിളിച്ചു.
അകത്തുനിന്ന് അവള്‍ ചോദിച്ചു.
'ആരാണ്?'
'ഞാനാണ്...'
'ഇതിനകത്ത് രണ്ടാള്‍ക്കുള്ള സ്ഥലമില്ല- 'എനിക്കും നിനക്കും'......'
അടഞ്ഞ വാതില്‍ അടഞ്ഞുതന്നെ കിടന്നു.
കാമുകന്‍ ഒരു വനത്തിലേക്ക് പോയി. അവിടെ അയാള്‍ വ്രതങ്ങളും പ്രാര്‍ഥനകളും ചെയ്തുകൊണ്ട് കഴിഞ്ഞുകൂടി.
വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ മടങ്ങിവരികയും വാതിലില്‍ മുട്ടുകയും ചെയ്തു.
ആര്‍ദ്രമായ സ്വരത്തില്‍ അവള്‍ ചോദിച്ചു:
'ആരാണ്?'
'ഞാനല്ല!'
അവള്‍ അകത്തുള്ളതായിപ്പോലും തോന്നിയില്ല.
നീണ്ട വര്‍ഷങ്ങളിലെ തപസ്സിന്റെ ഒടുവില്‍ അവന്‍ ആരുമല്ലാത്തവനായി, ആരുമില്ലാത്തവനായി. ഒന്നുമല്ലാത്തവനായി, ഒന്നുമില്ലാത്തവനായി അവളുടെ വാതില്‍ക്കലെത്തി.
വാതിലില്‍ മന്ദമായി മുട്ടി.
'ആരാണ്?' തേനൂറുന്ന സ്വരത്തില്‍ അവള്‍ ചോദിച്ചു.
'നീയാണ്!....'
സംഗമറ്റവനായി അവന്‍ മൊഴിഞ്ഞു.
അവള്‍ ഒരിക്കലും തുറക്കാതിരുന്ന ആ വാതില്‍ നിറഞ്ഞ വിസ്മയത്തോടെ, മധുരമായ ഒരു നൊമ്പരത്തോടെ തുറന്നുവെച്ചു. അവനുവേണ്ടി...
No comments:
Post a Comment