Thursday, 11 September 2014

പുലിക്കളിദൃശ്യങ്ങള്‍

ആള്‍ക്കൂട്ടക്കാട്ടിലലിഞ്ഞ് പുലിക്കൂട്ടം
അരമണി കിലുക്കിയെത്തിയ പുലിക്കൂട്ടം സ്വരാജ് റൗണ്ടിലെ ആള്‍ക്കൂട്ടക്കാട്ടിലലിഞ്ഞു. ചെണ്ടയുടെ രൗദ്രതാളത്തില്‍ കുമ്പ കുലുക്കി പുലികള്‍ തിമിര്‍ത്താടി. നാവു നീട്ടി, കുഞ്ചിരോമങ്ങളാട്ടി, താളം ചവിട്ടി പുലിപ്പട നഗരപാതകള്‍ കയ്യടക്കി. വര്‍ണ്ണവൈവിധ്യമായിരുന്നു ഇത്തവണ പുലിക്കളിയുടെ സവിശേഷത. ചുവപ്പും പച്ചയും നീലയും വയലറ്റും മഞ്ഞയും കറുപ്പും നിറങ്ങളില്‍ നിരന്ന പുലികള്‍ക്കൊപ്പം നിശ്ചലവേഷങ്ങളും പുരാണദൃശ്യങ്ങളും കാഴ്ചയുടെ വിരുന്നൊരുക്കി. പുലിവേഷം കെട്ടിയവരില്‍ ഏഴു വയസ്സുകാരന്‍ മുതല്‍ 76- കാരന്‍ വരെയുണ്ടായിരുന്നു. ശക്തന്‍തമ്പുരാനും ഗജേന്ദ്രമോക്ഷവും മുതല്‍ ഗാസയും ജലദൗര്‍ലഭ്യവും വരെ നിശ്ചലദൃശ്യങ്ങള്‍ക്ക് വിഷയമായി. വെയിലാറിയതോടെ തേക്കിന്‍കാട്ടിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം തൃശ്ശൂരിന്റെ ഓണാഘോഷങ്ങള്‍ക്ക് ആവേശത്തിമിര്‍പ്പില്‍ കലാശം കൊട്ടി. വിദേശികളുള്‍പ്പെടെയുള്ള വന്‍ ജനാവലിയാണ് പുലികളെ കാണാനെത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മണിക്കൂറുകളോളം കാത്തിരുന്ന് പുലിക്കളി ആസ്വദിച്ചു. ആറു സംഘങ്ങളിലായി 300-ഓളം പുലികളാണ് ബുധനാഴ്ച തൃശ്ശൂര്‍ നഗരം കീഴടക്കിയത്. ഓരോ സംഘത്തിലും അമ്പതോളം പുലികളും, മുപ്പത്തിയഞ്ചോളം വാദ്യക്കാരും രണ്ടുവീതം നിശ്ചലദൃശ്യങ്ങളും സംഘാടകരായി നൂറോളം പേരും അണിനിരന്നു. ഓരോ ദേശവും പുലിക്കൂട്ടങ്ങളുമായി ഓരോ വഴികളിലൂടെ റൗണ്ടിലേക്ക് ഒഴുകിയതോടെ നഗരം ശരിക്കും പുലിക്കാടായി. വിയ്യൂര്‍, പൂങ്കുന്നം, കോട്ടപ്പുറം, നായ്ക്കനാല്‍, ചെമ്പുക്കാവ്, മൈലിപ്പാടം ദേശങ്ങളാണ് ഇത്തവണ പുലിക്കളിക്ക് അണിനിരന്നത്. ചൊവ്വാഴ്ച മുതല്‍ തന്നെ പുലികളുടെ ചമയങ്ങള്‍ വിവിധ ദേശങ്ങളില്‍ തുടങ്ങിയിരുന്നു. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ഇത്തവണ പുലിക്കളി സംഘടിപ്പിച്ചത്.
പുലിക്കളിദൃശ്യങ്ങള്‍
























No comments:

Post a Comment