Tuesday, 3 June 2014

മനുഷ്യന് ശരിയായാല് മതി, ലോകം തനിയെ ശരിയായിക്കൊള്ളും

ഒരിടത്ത് ഒരു അഛനും മകനുമുണ്ടായിരുന്നു.. ചെറിയ കുട്ടിയായിരുന്ന മകന് ഒരു ഭൂപടം(World map) എടുത്ത് കളിച്ചു കൊണ്ടിരുന്നു.. അതു കൊണ്ടു വയ്ക്കാന് പല പ്രാവശ്യം അഛ‌ന് ആവശ്യപ്പെട്ടിട്ടും മകന് അനുസരിച്ചില്ല.. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു. അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു..
അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള് , അഛന് , അവിടവിടെയായി ചിതറിക്കിടന്ന ആ ഭൂപടത്തിന്റെ കഷണങ്ങള് പെറുക്കിയെടുത്ത് ശരിയായി ചേര്ത്തു വയ്ക്കാന് ശ്രമിച്ചു. പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള് ശരിയായി ചേര്ത്തുവച്ച് ഭൂപടം ശരിയാക്കാന് കഴിഞ്ഞില്ല.
അല്പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന് തിരിച്ചെത്തിയപ്പോള് കണ്ടത് ചെറിയ കുട്ടിയായ മകന് ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്ത്തു വച്ച് ആ ഭൂപടം ശരിയാക്കിയിരിക്കുന്നതാണ്.അഛന് അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു.


അപ്പോള് മകന് പറഞ്ഞു;

“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്റെ മറുപുറത്ത് ഒരു മനുഷ്യന്റെ പടമുണ്ടായിരുന്നു. ഞാന് അതു ശരിയാക്കിയപ്പോള് ഭൂപടം തനിയെ ശരിയായി.അത്രയേയുള്ളു.”


ശരിയല്ലേ? നാം ലോകം ശരിയാക്കാന് ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന് ശരിയായാല് മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്ക്കാതെ..


No comments:

Post a Comment