Monday, 2 June 2014

അശ്ലീലം കുറ്റകൃത്യമാവുമ്പോള്‍



അവളെ നമുക്ക് ടീനയെന്ന് വിളിക്കാം. തിരുവനന്തപുരം സ്വദേശി. ഐടി പ്രൊഫഷണല്‍. വിവാഹം നിശ്ചയിച്ചതോടെയാണ് അവളുടെ ഇന്‍ബോക്‌സില്‍ അശ്ലീല മെയിലുകള്‍ വരാന്‍ തുടങ്ങിയത്. ഒന്നല്ല നിരവധി മെയിലുകള്‍. മറ്റൊരാളുമൊത്തുള്ള അശ്ലീല രംഗങ്ങളായിരുന്നു മെയിലുകളില്‍ നിറയെ. എല്ലാ മെയിലിലും ഒരേ ആവശ്യം. ടീന എന്റെ ഭാര്യയാണ്, വിവാഹത്തില്‍ നിന്ന് പിന്മാറണം. സഹികെട്ടപ്പോള്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. മെയിലിലേത് മോര്‍ഫ് ചെയ്ത ചിത്രങ്ങളാണെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഹൈടെക് സെല്‍ അന്വേഷണം തുടങ്ങിയപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമായി. ചിത്രങ്ങള്‍ മോര്‍ഫിങ് അല്ല. ഒറിജിനല്‍തന്നെ. ടീനയെയും ബന്ധുക്കളെയും കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ചുരുള്‍ നിവരുന്നത്. ടീന ഓഫീസിലെ സഹപ്രവര്‍ത്തകനായ യുവാവുമായി നേരത്തേ പ്രണയത്തിലായിരുന്നു. ഒരുപാട് നാള്‍ അവര്‍ ഇണക്കുരുവികളെ പ്പോലെ പ്രണയിച്ചു നടന്നു. ഒടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. വീട്ടുകാര്‍ക്കും സമ്മതം. പക്ഷേ പയ്യനെക്കുറിച്ച ന്വേഷിച്ചപ്പോഴാണ് അറിയുന്നത്, അയാള്‍ക്ക് നാട്ടില്‍ ഭാര്യയും കുട്ടിയുമുണ്ടെന്ന്. അങ്ങനെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നു വെച്ചു. വഞ്ചിച്ച കാമുകനെ ടീനയും മറന്നു. ഇതിനിടെ പയ്യന്‍ ജോലി മാറി നാട്ടിലേക്കു മടങ്ങി. പിന്നെയാണ് ടീനയുടെ വിവാഹം നിശ്ചയിച്ചതും മെയിലുകള്‍ വരാന്‍ തുടങ്ങിയതും. അന്വേഷണത്തില്‍ പഴയ കാമുകന്‍ തന്നെയാണ് മെയിലുകള്‍ അയയ്ക്കുന്നതെന്ന് വ്യക്തമായി. അതിലുപയോഗിക്കുന്നതാവട്ടെ പഴയ പ്രണയനാളുകളില്‍ കാമുകന്‍ കാമറയിലും മൊബൈലിലും എടുത്ത ഒറിജിനല്‍ ചിത്രങ്ങളും. ഇപ്പോഴും കുറ്റവാളിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

* * *

കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് ഒരു ദിവസം റിക്രൂട്ടിങ് ഏജന്‍സിയുടെ പേരില്‍ ഒരു മെയില്‍ കിട്ടി. നിങ്ങള്‍ എയര്‍ഹോസ്റ്റസ് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. ശരീരിക അളവുകളും ഷെയ്പ്പും സ്‌കിന്‍ ടോണും ഒക്കെ അറിയണം. ചിത്രങ്ങളും വേണം. ഇന്റര്‍വ്യൂ ഓണ്‍ലൈനാണ്. വെബ്കാം ഓണ്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഒട്ടും സംശയം തോന്നാതിരുന്ന പെണ്‍കുട്ടി ഇന്‍ര്‍വ്യൂവിന് തയ്യാറായി. ആവശ്യപ്പെട്ടതനുസരിച്ച് വെബ്കാമിലൂടെ ശാരീരിക അളവുകളും അയവയ വലുപ്പവുമൊക്കെ ശങ്കയില്ലാതെ തുറന്ന് കാണിച്ചുകൊടുത്തു. ഒടുവില്‍ വെബ്കാം ഇന്റര്‍വ്യൂ കഴിഞ്ഞപ്പോഴാണ് അടുത്ത ആവശ്യം. തൊട്ടടുത്തദിവസം തന്നെ നേരിട്ടുള്ള അഭിമുഖത്തിന് കോയമ്പത്തൂരെത്തണം. കാണിച്ചുകൊടുത്ത അളവുകള്‍ ശരിയെന്ന് ഉറപ്പാക്കണം. സംശയം തോന്നിയ പെണ്‍കുട്ടി പക്ഷേ ഇന്റര്‍വ്യൂവിന് പോയില്ല. പിന്നീട് അശ്ലീല ചിത്രങ്ങള്‍ മെയിയിലും ഇന്റര്‍നെറ്റിലും പ്രത്യക്ഷപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിയുന്നത്.

* * *

അശ്ലീല ഫോണ്‍വിളികള്‍ വരുന്നത് ശല്യമായപ്പോഴാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടത്. കോളുകള്‍ വരുന്നത് ഒരു നമ്പറില്‍നിന്ന് മാത്രമല്ല, പല പല നമ്പറുകളില്‍നിന്ന്. അന്വേഷണത്തില്‍ ഒരു തവണ കോള്‍ വന്ന നമ്പറില്‍നിന്ന് പിന്നീട് കോളൊന്നും വരുന്നില്ലെന്നും ഓരോ നമ്പറും വ്യത്യസ്ത സ്ഥലത്തുള്ള വ്യത്യസ്തരായ ആളുകളുടെ നമ്പറും. ഒടുവില്‍ അവരെയെല്ലാവരെയും വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് മനസ്സിലായത് ഓരോരുത്തരുടെയും മൊബൈലില്‍നിന്ന് കോള്‍ വന്ന ദിവസം അവരൊക്കെയും ഒരു മൊബൈല്‍ഷോപ്പില്‍ പോയിരുന്നു എന്നത്. റീചാര്‍ജും റിപ്പയറും പോലെ പല ആവശ്യങ്ങള്‍ക്ക്. പിന്നെ പ്രതിയെ കണ്ടെത്താന്‍ താമസമുണ്ടായില്ല. പ്രണയാഭ്യര്‍ഥന നിരസിക്കപ്പെട്ട മൊബൈല്‍ഷോപ്പുകാരന്‍ റിപ്പയര്‍ ചെയ്യാന്‍ വരുന്നവരുടെ സിം ഉപയോഗിച്ച് വിളിച്ച് കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു.

* * *

കേട്ടാല്‍ കഥകളെന്ന് തോന്നാവുന്ന ഇതത്രയും കഥകളല്ല. കേരള പോലീസ് ആരംഭിച്ച ഹൈടെക് സെല്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും പ്രതികളെ കണ്ടെത്തിയതുമായ ആയിരക്കണക്കിന് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ചിലത് മാത്രം.

കേരളം സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി മാറുകയാണോ? സ്വന്തം ദുര്‍നടപ്പുകളെ പനപോലെ വളര്‍ത്താനുള്ള രാസവളമായി മാറുകയാണോ മലയാളിക്ക് മൊബൈല്‍ വിപ്ലവവും ഇന്റര്‍നെറ്റും?

ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോലീസിന് ലഭിച്ചത് നാല്പതിനായിരത്തോളം പരാതികളാണ്. തിരുവനന്തപുരത്തെ സൈബര്‍ സെല്ലില്‍ മാത്രം പ്രതിദിനം 30 പരാതികള്‍ ലഭിക്കുന്നു. ഇവയിലധികവും മൊബൈല്‍ സംബന്ധമായ പരാതികളാണ്. ബാക്കി ഓര്‍ക്കൂട്ട്, ഫേസ്ബുക്ക്, ഓണ്‍ലൈന്‍ തട്ടിപ്പ്, ഇ-മെയില്‍ നുഴഞ്ഞുകയറ്റം തുടങ്ങിയവയും. ഇതുവരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസുകളില്‍ ഒന്നില്‍ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ളവ അന്വേഷണത്തിലാണ്. 2006-ല്‍ പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകനെതിരെ ഇന്‍ര്‍നെറ്റിലൂടെ അശ്ലീലപ്രചാരണം നടത്തിയ പാസ്റ്ററാണ് കേരളത്തില്‍ ആദ്യമായി സൈബര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍. കുന്നുകൂടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ മൂലം ഫേസ്ബുക്ക്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കൊച്ചി സിറ്റി പോലീസ് പരിശോധന തുടങ്ങിയിരിക്കുകയാണ്. അതിനായി ഒരു ബീറ്റും തുടങ്ങിക്കഴിഞ്ഞു. സൈബര്‍ ബീറ്റ്.

അശ്ലീലവും ടെക്നോളജിയും

അശ്ലീലവും സാങ്കേതികവിദ്യയും എന്നും പ്രണയജോടികളെ പ്പോലെയായിരുന്നു. അവയെന്നും ഒരേ കിടപ്പറയിലാണ് പുണര്‍ന്നുറങ്ങിയത്. കാരണം, അമൂര്‍ത്തമായ അശ്ലീലത്തിന് മാധ്യമസഹായമില്ലാതെ ഒരിക്കലും നിലനില്പില്ലായിരുന്നു. പകരം അശ്ലീലസാഹിത്യത്തിന്റെ വിപണിമൂല്യത്തെ സാങ്കേതികവിദ്യ അതിന്റെ പ്രചാരത്തിനും വികാസത്തിനും ഉപയോഗിച്ചു. രഹസ്യമായി അശ്ലീലം ആസ്വദിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ വലിയൊരളവോളം തൃപ്തിപ്പെടുത്തിയത് പെഴ്‌സണല്‍ സാങ്കേതിക വിദ്യകളുടെ വരവാണ്. വിസിആറും കമ്പ്യൂട്ടറും ഡിവിഡിയും മൊബൈലും ബഌടൂത്തും പെന്‍ഡ്രൈവുമൊക്കെ അശ്ലീലവിപണിയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല. അവയില്‍ത്തന്നെ ഏറ്റവുമധികം രഹസ്യ സ്വഭാവമുള്ള രണ്ടു മാധ്യമങ്ങള്‍ ഇന്റര്‍നെറ്റും മൊബൈലുമായതു കൊണ്ടാണ് അവ അശ്ലീലവിപണിയുടെ പതാകവാഹകരായി ഇന്നും തുടരുന്നത്.

അശ്ലീലം വെറും  അശ്ലീലമല്ല

അരയിലൊളിപ്പിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൊച്ചുപുസ്തകമോ ഒളിച്ചിരുന്ന് കാണുന്ന ബഌഫിലിമോ മാത്രമല്ല ഇന്ന് അശ്ലീലം. സഹസ്രകോടികള്‍ മറിയുന്ന വന്‍വിപണിയാണ്. 2006-ല്‍ മാത്രം 97.05 ശതകോടി ഡോളറായിരുന്നു പോണ്‍വിപണിയുടെ വരുമാനം. ലോകത്തെ മുന്‍നിര കമ്പനികളായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ആപ്പിളിന്റെയുമൊക്കെ ആകെ വരുമാനം പോണ്‍ വ്യവസായത്തിന്റെ അടുത്തെങ്ങുമെത്തില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്റര്‍നെറ്റിലെ ചുവന്ന തെരുവില്‍ ഒന്നും രണ്ടുമല്ല 42 ലക്ഷത്തോളം പോണ്‍സൈറ്റുകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ദിവസവും 260 പുതിയ പോണ്‍സൈറ്റുകള്‍ നിലവില്‍വരുന്നുമുണ്ട്. ഓരോ സെക്കന്‍ഡിലും അശ്ലീലത്തിനായി ലോകം 3075 ഡോളറാണ് ചെലവഴിക്കുന്നത്. പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ 72 ശതമാനവും പുരുഷന്മാരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ലോകത്താകമാനം ഉത്പാദിപ്പിക്കപ്പെടുന്ന അശ്ലീല ഉത്പന്നങ്ങളുടെ 89 ശതമാനവും അമേരിക്കയില്‍നിന്നാണ്. അവിടെ ഓരോ വര്‍ഷവും 13000 മുഴുനീള ബ്ലൂഫിലിമുകളാണ് പുറത്തിറങ്ങുന്നത്.

ഇരകള്‍ കുട്ടികള്‍


കുറ്റകൃത്യമായി വളരുന്ന അശ്ലീലത്തിന്റെ ഏറ്റവും വലിയ ഇരകള്‍ എല്ലാകാലത്തും എല്ലാ പ്രദേശത്തും കുട്ടികളും സ്ത്രീകളുമാണ്. ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കുട്ടികളെ ഇരയാക്കിയുള്ള അശ്ലീല ചിത്രീകരണങ്ങളാണ്. സൈബര്‍ സ്‌പേയ്‌സില്‍ മറഞ്ഞിരിക്കുന്ന ബാലപീഡകരാണതിനു പിന്നില്‍. അതേസമയം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന അശ്ലീലസാഹിത്യത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളും കുട്ടികള്‍ തന്നെ. 12-17 പ്രായക്കാരായ കുട്ടികള്‍. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 10 കുട്ടികളില്‍ ഏഴുപേരും അശ്ലീലത്തിനും വയലന്‍സിനും ഇരയാകുന്നുണ്ടെന്നാണ് സുരക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ സിമാന്റക് നടത്തിയ പഠനത്തില്‍ കണ്ടത്. ഇവരുടെ മാതാപിതാക്കളില്‍ പകുതി പേര്‍പോലും കുട്ടികള്‍ ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായിപ്പോലും അറിയുന്നില്ലെന്നും പഠനത്തില്‍ വ്യക്തമായി. അശ്ലീലവും ലൈംഗികചൂഷണവും കുട്ടികളില്‍ വലിയ അളവില്‍ മാനസിക, വൈകാരിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നുണ്ട്. അവരുടെ ജീവിതവിജയത്തെയും സ്വഭാവരൂപീകരണത്തെയും അത് പ്രതികൂലമായി ബാധിക്കും.

ചാറ്റ്‌റൂം എന്ന ചതിക്കുഴി

സൈബര്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് ചാറ്റ്‌റൂം കുറ്റകൃത്യങ്ങളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ ചതിക്കുഴിയായി ചാറ്റ് റൂമുകള്‍ മാറിക്കഴിഞ്ഞു. ലൈംഗികചൂഷകരുടെയും ബാലപീഡകരുടെയും പ്രധാന ഒളിത്താവളങ്ങളാണ് ചാറ്റ്‌റൂമുകള്‍. അവിടെ മാന്യമായ പെരുമാറ്റവും പഞ്ചാരവാക്കുകളും സമ്മാനങ്ങളും സ്‌നേഹനാട്യങ്ങളുമായി കുഞ്ഞുങ്ങളെ ഇരപിടിക്കാനായി അവര്‍ കാത്തിരിപ്പുണ്ട്. അതിനു വേണ്ടി എത്ര പണവും സമയവും ഊര്‍ജവും ചെലവഴിക്കാന്‍ ഇത്തരക്കാര്‍ ഒരുക്കമാണ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ശേഖരിച്ച് വില്ക്കുന്നവര്‍ മുതല്‍ സൈബര്‍സെക്‌സിനും നേരിട്ടുള്ള ലൈംഗികബന്ധത്തിനും ഇറങ്ങിത്തിരിക്കുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. ലോകത്തെമ്പാടും ഇതുതന്നെയാണ് അവസ്ഥ. ചാറ്റ്‌റൂം കെണിയില്‍ വീഴുന്ന കുട്ടികളില്‍ ആണ്‍പെണ്‍ ഭേദമില്ല. 13-19 പ്രായക്കാരാണ് അധികവും ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത്.


അപകടസൂചനകള്‍

$ മണിക്കൂറുകളോളം കുട്ടി ഓണ്‍ലൈനില്‍ ചെലവഴിക്കുക, പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍.
$ നിങ്ങള്‍ക്കറിയാത്തവരില്‍നിന്ന് കുട്ടിക്ക് ഫോണ്‍കോളുകള്‍ വരിക.
$ നിങ്ങള്‍ മുറിയില്‍ പ്രവേശിക്കുമ്പോള്‍ കുട്ടി കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുക.
$ കുടുംബത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുട്ടി ഒഴിഞ്ഞുമാറുക.
$ ഇന്റര്‍നെറ്റില്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് പറയാന്‍ മടിക്കുക.

സൈബര്‍ സ്റ്റാക്കിങ്

ഇന്‍ര്‍നെറ്റിലൂടെ ഒരു വ്യക്തിയെ പിന്തുടരലാണിത്. അനാവശ്യ ഇ-മെയിലുകള്‍ അയയ്ക്കുക, ചാറ്റ് റൂമില്‍ വ്യക്തിഹത്യ നടത്തുക, ഒരു വ്യക്തിയെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെ അസത്യപ്രചാരണം നടത്തുക, ശല്യം ചെയ്യുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ സൈബര്‍ സ്റ്റാക്കിങ് ആണ്. വ്യക്തിയെ സദാ ഓണ്‍ലൈനായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും സ്വകാര്യതയില്‍ കടന്നുകയറി ശല്യം ചെയ്യുകയും ചെയ്യുന്ന സ്റ്റാക്കിങ് പഴയ പൂവാലശല്യത്തിന്റെ സൈബര്‍ രൂപമാണ്. സ്ത്രീകളാണ് ഇതിന്റെ പ്രധാന ഇരകള്‍. കുറ്റവാളികളോ പലപ്പോഴും പുരുഷന്മാരും. ബാലപീഡകര്‍ കുട്ടികളെയും ഇങ്ങനെ പിന്തുടരാറുണ്ട്. ഇന്റര്‍നെറ്റില്‍ പരിചയക്കുറവുള്ളവരും സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് അറിവില്ലാത്തവരുമാണ് സൈബര്‍സ്റ്റാക്കിങ്ങിന് ഇരയാകുന്നത്. ചിലപ്പോള്‍ സ്റ്റാക്കിങ് ഓണ്‍ലൈനും കടന്ന് ഓഫ് ലൈനുമാകും. വിലാസവും ഫോണ്‍നമ്പറും തേടിപ്പിടിച്ച് ശല്യപ്പെടുത്തല്‍ തുടരും. ഇന്റര്‍നെറ്റിലൂടെ അപമാനിക്കുക, അസഭ്യ മെയിലുകള്‍ അയയ്ക്കുക, വ്യാജ പ്രൊഫൈലുണ്ടാക്കുക, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുക തുടങ്ങിയ ലൈംഗിക കുറ്റകൃത്യങ്ങളും സൈബര്‍ ലോകത്ത് വ്യാപകമാണ്.

മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍


$ കമ്പ്യൂട്ടര്‍ കുട്ടിയുടെ ബെഡ്‌റൂമില്‍ വെക്കരുത്. വീട്ടില്‍ പൊതുസ്ഥലത്ത് സ്ഥാപിക്കുക.
$ കുട്ടിക്ക് ഇഷ്ടപ്പെട്ടതും പതിവായി ഉപയോഗിക്കുന്നതുമായ സൈറ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യാം. അനാവശ്യ തെരച്ചില്‍ ഒഴിവാക്കാനും തെറ്റായ യു ആര്‍ എല്‍ ഉപയോഗിച്ച് തെരയാതിരിക്കാനും സഹായിക്കും.
$ സൈറ്റുകളുടെ കാര്യത്തില്‍ ഏത് നല്ലത് ഏത് മോശം എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക.
$ ഇന്റര്‍നെറ്റില്‍ സുഹൃത്തുക്കളോടും അപരിചിതരോടും മാന്യമായും ജാഗ്രതയോടെയും പെരുമാറാന്‍ കുട്ടിക്ക് അറിയാമെന്ന് ഉറപ്പുവരുത്തുക.
$ കുട്ടിയുമായി ഒരു മെയില്‍ ഐഡി ഷെയര്‍ ചെയ്യുക, കുട്ടിക്ക് വരുന്ന മെയിലുകള്‍ ചെക്ക് ചെയ്യാന്‍ അത് സഹായിക്കും.
$ അനാവശ്യമായി പൈസ പോകുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഫോണ്‍ബില്ലും ക്രെഡിറ്റ് കാര്‍ഡും ചെക്ക് ചെയ്യുക.
$ വീട്ടിലെ ഇന്‍ര്‍നെറ്റ് ഉപയോഗത്തിന് കൃത്യമായ സമയപരിധികള്‍ നിശ്ചയിക്കുക.
$ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാത്തയാളാണ് നിങ്ങളെങ്കില്‍ ഉടന്‍ അത് പഠിക്കുക. അപ്പോള്‍ കുട്ടി ചെയ്യുന്നത് എന്തെന്ന് നിങ്ങള്‍ക്കും മനസ്സിലാക്കാനാവും.

അശ്ലീലം
മൊബലാകുേമ്പാള്‍

മൊബൈല്‍ പോര്‍ണോഗ്രഫി ഇന്ന് ലോകമെമ്പാടും വന്‍ വ്യവസായമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ 50 ലക്ഷം കോടി ഡോളറിന്റെ വിപണിയാണത്. മൊബൈല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഇന്റര്‍നെറ്റ്, മൊബൈല്‍ അശ്ലീല മാര്‍ക്കറ്റില്‍ ഇന്ന് ഏറ്റവുമധികം ആവശ്യക്കാരുള്ളത് അമച്വര്‍ വീഡിയോകള്‍ക്കാണ്. കാമറമൊബൈലുള്ളവരൊക്കെയും ബഌഫിലിം കാമറാമാനായി മാറുന്നത് അങ്ങനെയാണ്. കുളിമുറി സീനായാലും കിടപ്പറ സീനായാലും വലിയ വിലകൊടുത്ത് വാങ്ങാന്‍ ഗ്രാമങ്ങളില്‍പ്പോലും ഇന്ന് ഏജന്റുമാരുണ്ട്. വീഡിയോയിലും ചിത്രത്തിലും ദൃശ്യമാവുന്ന ശരീരഭാഗങ്ങള്‍ നോക്കിയാണ് വില നിശ്ചയിക്കപ്പെടുന്നത്. നാട്ടുമ്പുറം ദൃശ്യങ്ങളായാല്‍ ഇന്‍ര്‍നെറ്റില്‍ ആവശ്യക്കാര്‍ കൂടും. അതിനാല്‍ കൂടുതല്‍ വിലയും കിട്ടും. കൗമാരക്കാര്‍ മൊബൈല്‍ അശ്ലീല വീഡിയോഗ്രാഫി ഒരു വരുമാനമാര്‍ഗവുമായി മാറ്റുന്നതിന് കാരണങ്ങള്‍ പലതാണ്. വാട്ടര്‍ തീം പാര്‍ക്കുകള്‍, ടെക്‌സ്റ്റൈല്‍സുകളിലെ ട്രയല്‍ റൂമുകള്‍, പൊതു ടോയ്‌ലറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇവരുടെ ഹോട്ട്‌സ്‌പോട്ടുകളാണ് ഇന്ന്. വീഡിയോകള്‍ക്കു മാത്രമല്ല നിശ്ചലചിത്രങ്ങള്‍ക്കും ടെലഫോണ്‍ സംഭാഷണങ്ങള്‍ക്കു പോലും ധാരാളം ആവശ്യക്കാരുണ്ട്. നിമിഷങ്ങള്‍ക്കകം അവ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇന്റര്‍നെറ്റും ബഌടൂത്തും വഴി എത്തിക്കാനും സംവിധാനങ്ങളുണ്ട്.

മൊബല്‍ ഉപേയാഗിക്കുേമ്പാള്‍

$ മൊബൈലും സിം കാര്‍ഡും നിങ്ങളുടെ സ്വന്തം വസ്തുവാണെന്ന് മനസ്സിലാക്കുക. അവയുടെ ദുരുപയോഗത്തിന് നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍.
$ അപരിചിത നമ്പറില്‍ നിന്ന് മിസ്ഡ് കോള്‍ വന്നാല്‍ തിരിച്ചുവിളിക്കരുത്.
$ സാമൂഹികവിരുദ്ധ സ്വഭാവമുള്ള മെസേജുകള്‍ ഫോര്‍വേഡ് ചെയ്യരുത്.ലഭിക്കുന്നയാള്‍ പരാതിപ്പെട്ടാല്‍ നിങ്ങള്‍ക്ക് ശിക്ഷ ലഭിക്കും.
$ അശ്ലീല മെസേജുകള്‍ അയയ്ക്കുന്നതും നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കുന്നതും കുറ്റകരമാണ്
$ ഫോണ്‍ ഒരിക്കലും അപരിചിതര്‍ക്ക് നല്കരുത്.
$ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കരുത്.
$ ബഌടൂത്ത് എപ്പോഴും ഓഫ് ചെയ്ത് വെക്കുക.
$ മൊബൈല്‍ഫോണില്‍ അശ്ലീലസംഭാഷണമോ മെസേജോ വന്നാല്‍ അവ ഡിലീറ്റ് ചെയ്യരുത്. അതിനുമുന്‍പ് പാരാതി നല്‍കുക.
$ കുട്ടികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമുള്ള സാധാരണ മൊബൈല്‍ വാങ്ങി നല്കുക.

ഇന്റര്‍നെറ്റ്: ചില മുന്‍കരുതലുകള്‍



$ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴൊക്കെ ഒരു സ്‌ക്രീന്‍ നെയിം ഉപയോഗിക്കുക. ഒരിക്കലും യഥാര്‍ഥ പേര്, ഫോണ്‍ നമ്പര്‍, ലിംഗം, എവിടെ താമസിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തരുത്.
$ ചാറ്റ് പങ്കാളിക്ക് ഒരിക്കലും ഫോട്ടോ കൈമാറരുത്.
$ ചാറ്റ് റൂം സുഹൃത്തിനെ ഒറ്റയ്ക്ക് നേരില്‍ കാണാമെന്ന് പറയരുത്.
$ പാസ് വേഡ് ആര്‍ക്കും കൈമാറരുത്.
$ പ്രൈവറ്റ് ചാറ്റ് റൂമിലേക്ക് പോകാം എന്ന ആവശ്യം അംഗീകരിക്കരുത്.
$ ഓണ്‍ലൈനില്‍ പറയുന്ന മുഖസ്തുതികളില്‍ വീഴരുത്.
$ സ്വന്തം പേരിലുള്ള ഇന്റര്‍നെറ്റ് രജിസ്‌ട്രേഷനുകള്‍ ആവശ്യമില്ലെങ്കില്‍ നെറ്റില്‍ ഉപേക്ഷിച്ചിടാതെ അവ കാന്‍സല്‍ ചെയ്യണം.
$ വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഷെയര്‍ ചെയ്യരുത്.

സൈബര്‍ ക്രൈമിന് കടുത്ത ശിക്ഷ


മൊബൈലോ ഇന്റര്‍നെറ്റോ ഉപയോഗിച്ച് മറ്റുള്ളവരുടെ നഗ്നത ചിത്രീകരിക്കുന്നതും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഐടി ആക്ട് 2008 പ്രകാരം കുറ്റകൃത്യമാണ്. അശ്ലീല മെസെജോ ഓഡിയോയോ പ്രചരിപ്പിച്ചാല്‍ സെക്ഷന്‍ 67 പ്രകാരം 3 വര്‍ഷം വരെ തടവും 5 ലക്ഷംവരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 5 വര്‍ഷം തടവും 10 ലക്ഷം പിഴയുമായി ശിക്ഷ ഉയരും. വ്യക്തിയുടെ സ്വകാര്യഭാഗങ്ങള്‍ അനുവാദമില്ലാതെ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഐടി ആക്ട് 66 ഇ പ്രകാരം 3 വര്‍ഷംവരെ തടവും രണ്ട് ലക്ഷം രൂപവരെ പിഴയോ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റമാണ്. അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് ഐടി ആക്ട് സെക്ഷന്‍ 67 എ പ്രകാരം 5 വര്‍ഷം തടവും 10 ലക്ഷം പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് ഏഴ് വര്‍ഷമായി ഉയരും.10 ലക്ഷം പിഴയും ലഭിക്കും. കുട്ടികളുടെ ലൈംഗിക ചിത്രങ്ങളോ, വീഡിയോയോ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ശേഖരിക്കുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ലൈംഗികമായ ഓണ്‍ലൈന്‍ ബന്ധത്തിന് കുട്ടികളെ പ്രേരിപ്പിക്കുന്നതും ഓണ്‍ലൈനായി ചൂഷണം ചെയ്യുന്നതും അത് റെക്കോഡ് ചെയ്യുന്നതും സെക്ഷന്‍ 67 ബി പ്രകാരം 5 വര്‍ഷംവരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ 10 ലക്ഷം പിഴയും 7 വര്‍ഷം തടവും ലഭിക്കും. 3 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുക്കുക എന്നോര്‍ക്കുക. ബഌടൂത്ത് വഴി അയയ്ക്കുന്ന ചിത്രങ്ങളും ശിക്ഷയുടെ പരിധിയില്‍ വരും.

പരാതി 
കൊടുക്കാന്‍

ഇത്തരം ഏത് ലൈംഗികചൂഷണത്തിന് ഇരയായാലും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാം. അവരത് സൈബര്‍സെല്ലിന് കൈമാറിക്കൊള്ളും. കേരളത്തിലെ ആദ്യത്തെ സൈബര്‍ പോലീസ് സ്റ്റേഷന്‍ തിരുവനന്തപുരം പട്ടത്ത് ആരംഭിച്ചിട്ടുമുണ്ട്.  0471 -2722768, 0471-2721547 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ചും പരാതിപ്പെടാം.

No comments:

Post a Comment