Sunday, 1 June 2014

മധുരമീ ജീവിതം... പ്രേമപൂര്‍ണ്ണം...

മധുരമീ ജീവിതം... പ്രേമപൂര്‍ണ്ണം...


വിവാഹം കഴിഞ്ഞ്‌ ആദ്യനാളുകള്‍കൊണ്ട്‌ അവസാനിക്കുന്നതാണ്‌ മധുവിധു എന്ന ചിന്താഗതിക്കാരാണ്‌ മിക്ക മലയാളികളും. എന്നാല്‍ ഏതു പ്രായത്തിലും ഏത്‌ ഘട്ടത്തിലും മനസില്‍ പ്രണയവും വിശ്വാസവും കാത്തുസൂക്ഷിക്കുന്നവര്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്നതാണ്‌ മധുവിധു എന്നത്‌ ഇവര്‍ അറിയാതെപോകുന്നു.
എട്ടുമണി കഴിഞ്ഞിട്ടും വീട്ടിലെത്താന്‍ വൈകിയ രാജീവനെ ഭാര്യ രശ്‌മി ആറുതവണ ഫോണ്‍ ചെയ്‌തിട്ടും കേള്‍ക്കാന്‍ കഴിഞ്ഞത്‌ 'താങ്കള്‍ വിളിച്ച സബ്‌സ്ക്രൈബര്‍ ഇപ്പോള്‍ തിരക്കിലാണ്‌' എന്ന വാചകമാണ്‌. വീട്ടിലെത്തിലതിനുശേഷം അവളെ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിലേക്കു തിരിയുന്ന രാജീവിന്റെ പ്രവര്‍ത്തി അവളില്‍ സംശത്തിന്റെ വിത്തുകള്‍ പാകുന്നു. 'ഇനി ഇയാള്‍ക്ക്‌ ഓഫീസിലെങ്ങാനും വല്ല ബന്ധവും? പിന്നീട്‌ ഈ രീതിയിലായി അവളുടെ ചിന്തയും പ്രവൃത്തിയും. ഈ സമയം തന്റെ കാര്യങ്ങളില്‍ ശ്രദ്ധനല്‍കാത്ത രശ്‌മി വേറേതെങ്കിലും ബന്ധത്തിലാണോ എന്ന സംശയം രാജീവിനും ഉണ്ടാവുന്നു. കലഹങ്ങള്‍ക്ക്‌ ഇതില്‍പ്പരം കാരണങ്ങള്‍ ആവശ്യമില്ല.
തെറ്റിദ്ധാരണകള്‍മൂലമുണ്ടാകുന്ന ഈ ചെറിയ ചെറിയ പ്രശ്‌നങ്ങളാണ്‌ ദാമ്പത്യജീവിതം വിരസതനിറഞ്ഞതാക്കുന്നത്‌. ഏതു കാര്യങ്ങളും തുറന്നുപറഞ്ഞും പരസ്‌പരം മനസിലാക്കിയും കളങ്കമില്ലാത്ത സ്‌നേഹം നല്‍കുവാനും കഴിഞ്ഞാല്‍ അവിടെ തെറ്റിദ്ധാരണകള്‍ക്ക്‌ സ്‌ഥാനമില്ലാതാവുന്നു. ഇതിലൂടെ ദാമ്പത്യജീവിതം സുഖകരമാവുന്നു. ഇതിനായി ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്‌ക്കേണ്ടതുണ്ട്‌.

ഭാര്യമാരുടെ ശ്രദ്ധയ്‌ക്ക്

ജോലി കഴിഞ്ഞുവന്ന ഭര്‍ത്താവിന്റെ അടുത്തേയ്‌ക്ക് ആവലാതിയുമായി പോകുന്ന ഭാര്യമാരെ മിക്ക കുടുംബങ്ങളിലും കാണാന്‍ കഴിയും. ഇത്‌ അവരില്‍ അസ്വസ്‌ഥതത ഉളവാക്കുകയും വീട്ടിലെത്താന്‍ മടി ഉളവാക്കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ ആവലാതിക്കു പകരം ആദ്യംതന്നെ നിറഞ്ഞ പുഞ്ചിരി സമ്മാനിക്കുക. ശേഷം ഒരു കപ്പ്‌ ചായ നല്‍കി അവര്‍ക്കരിടെ ഇരിക്കുക. പിന്നെ സാവധാനം അദ്ദേഹത്തിന്‌ ഇഷ്‌ടമുള്ള വിഷയത്തില്‍ തുടങ്ങി നിങ്ങളുടെ കാര്യം അവതരിപ്പിക്കുക.
പുരുഷന്മാര്‍ ഒരിക്കലും ഇഷ്‌ടപ്പെടാത്ത ഒന്നാണ്‌ താരതമ്യം. ഒരിക്കലും മറ്റു പുരുഷന്മാരുമായി ഭര്‍ത്താവിനെ താരതമ്യം ചെയ്‌ത് സംസാരിക്കരുത്‌. തങ്ങളേക്കാള്‍ അധികം പ്രാധാന്യം മറ്റു പുരുഷന്മാര്‍ക്ക്‌ കൊടുക്കുന്നത്‌ പൊതുവേ ഭര്‍ത്താക്കന്മാര്‍ക്ക്‌ ഇഷ്‌ടമല്ല.
ഇഷ്‌ടഭക്ഷണം നല്‍കുന്ന ഭാര്യ ഭര്‍ത്താവിനെന്നും പ്രിയപ്പെട്ടവള്‍ തന്നെയായിരിക്കും. അതിനാല്‍ ഭര്‍ത്താവിന്റെ ഇഷ്‌ടങ്ങള്‍ മനസിലാക്കി ഭക്ഷണം പാകം ചെയ്‌തു നല്‍കുക. ചേരുവകള്‍ക്കൊപ്പം നിങ്ങളുടെ സ്‌നേഹവും ചേര്‍ക്കുന്നതിനാല്‍ അതിന്റെ രുചി ഇരട്ടിയായിരിക്കും. ജന്മദിനംപോലെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ശുഭദിനങ്ങള്‍ ഓര്‍ത്തിരിക്കുക. ആശംസകള്‍ നല്‍കാനും മറക്കരുത്‌. അത്‌ നിങ്ങളുടെ കരുതലറിയിക്കാനുള്ള ഒരുപാധിയാണ്‌.
ലൈംഗികകാര്യത്തില്‍ അദ്ദേഹത്തിന്റെ ഇഷ്‌ടങ്ങള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കുക. ലൈംഗികബന്ധത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്‌ പല കലഹങ്ങള്‍ക്കും കാരണം. അതിനാല്‍ നല്ലൊരു ലൈംഗികബന്ധം പുലര്‍ത്താന്‍ ശ്രമിക്കുക. ഇതിനായി കിടപ്പുറി എപ്പോഴും വൃത്തിയായും അടുക്കും ചിട്ടയുമായി വേണം ക്രമീകരിക്കാന്‍. നിങ്ങളോട്‌ അടുപ്പം തോന്നാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്നവിധത്തിലായിരിക്കണം മുറിയിലെ ക്രമീകരണങ്ങള്‍.
മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യത്തിന്‌ ബഹുമാനവും പരിഗണനയും നല്‍കുക. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്നത്‌ ഭര്‍ത്താവിന്‌ ഇഷ്‌ടപ്പെടുന്ന കാര്യമല്ല. ഭര്‍ത്താവിന്‌ നിങ്ങളോടുള്ള മതിപ്പ്‌ കുറയാന്‍ ഇതിടയാക്കും.
നിങ്ങളുടെ സൗന്ദര്യം എന്നും അദ്ദേഹത്തിനെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്‌. അതിനാല്‍ സൗന്ദര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണം. വാര്‍ധക്യത്തോടുള്ള കാലഘട്ടത്തിലും പരമാവധി ആകര്‍ഷകമായി വേണം ഭര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കാന്‍.
വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും പകരം സ്‌നേഹവും കരുതലും നല്‍കുകയാണെങ്കില്‍ സ്വപ്‌നം കണ്ടതുപോലൊരു ജീവിതം നിങ്ങള്‍ക്ക്‌ ലഭ്യമാകും.

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്‌ക്ക്

വീട്ടിലെത്തിയാലുടന്‍ വീണ്ടും മറ്റു തിരക്കുകളിലേക്ക്‌ തിരിയുന്നയാളാണോ നിങ്ങള്‍? എങ്കില്‍ ഈ തിരക്കിനിടയില്‍ സ്വന്തം ഭാര്യയെയും ഒന്നോര്‍ക്കുക. മറ്റു കാര്യങ്ങളിലേക്ക്‌ തിരിയുന്നതിന്‌ മുമ്പ്‌ നിറപുഞ്ചിരിയോടെ അവള്‍ടെ അടുത്തെത്തി ഒരു ചുംബനം നല്‍കുക. അത്‌ അവള്‍ ഒരുപാട്‌ ആഗ്രഹിക്കുന്നുണ്ടാവും.
നിങ്ങള്‍ അവള്‍ സംസാരിക്കുന്ന സമയത്ത്‌ ടി.വി. കാണുകയും പുസ്‌തകം വായിക്കുകയും ചെയ്യുകയാണെങ്കില്‍, അല്‌പസമയത്തേക്ക്‌ അത്‌ മാറ്റിവച്ച്‌ ഭാര്യ പറയുന്നതെന്താണെന്ന്‌ കേള്‍ക്കുക. ഇതുവഴി നിങ്ങളുടെ സ്‌നേഹം അവര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയും.
നിങ്ങളുടെ മാതാപിതാക്കളെ അവഗണിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഭാര്യയ്‌ക്കും മാതാപിതാക്കള്‍ക്കുമിടയിലുള്ള ബന്ധങ്ങള്‍ക്ക്‌ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങളുമായി ചിലവഴിക്കാന്‍ ഭാര്യയ്‌ക്കു ലഭിക്കുന്നത്‌ ചുരുങ്ങിയ അവധി ദിവസങ്ങളാണ്‌. ഈ സമയങ്ങളില്‍ ഭാര്യയുമൊത്ത്‌ പാര്‍ക്കിലോ, ബീച്ചിലോ സിനിമയ്‌ക്കോ പോവുന്നത്‌ ടെന്‍ഷന്‍ ഒഴിവാക്കാനും ബന്ധം കൂടുതല്‍ ഊഷ്‌മളമാകാനും സഹായിക്കും.
ഭാര്യയുടെ ജന്മദിനവും മറ്റു ശുഭദിനങ്ങളും നിങ്ങള്‍ ഓര്‍ത്തുവയ്‌ക്കണം. കൊച്ചുസമ്മാനങ്ങള്‍ നല്‌കുക. ഭര്‍ത്താവ്‌ തന്ന സമ്മാനം ഭാര്യയ്‌ക്ക് എന്നും വിലപ്പെട്ടതായിരിക്കും. ഭാര്യയ്‌ക്ക് ഇഷ്‌ടമില്ലാത്തപ്പോള്‍ ഒരിക്കലും ലൈംഗികതയ്‌ക്ക് നിര്‍ബന്ധിക്കരുത്‌. ഭാര്യയുടെ ഇഷ്‌ടങ്ങള്‍കൂടി പ്രാധാന്യം നല്‍കി ലൈംഗികബന്ധം തുടരുക.ഏതു സ്‌ത്രീയും ആശിക്കുന്നതാണ്‌ പ്രശംസ. ഭാര്യയിലെ നന്മകള്‍ക്കും നല്ല പ്രവര്‍ത്തികള്‍ക്കും പ്രശംസ നല്‍കണം. ആകര്‍ഷകമായി അണിഞ്ഞൊരുങ്ങുകയും നന്നായി പാചകം ചെയ്യുമ്പോഴും പ്രശംസിക്കാന്‍ മറക്കരുത്‌.
ഭാര്യയുടെ പ്രശ്‌നങ്ങളും ആഗ്രഹങ്ങളും ക്ഷമയോടെ കേള്‍ക്കുകയും, കളിയാക്കലിനും വിമര്‍ശനത്തിനും പകരം നല്ല വാക്കുകളും സ്‌നേഹവും നല്‍കിയാല്‍ കുടുംബജീവിതം എന്നും സന്തോഷകരമായിരിക്കും.
പരസ്‌പരം മനസിലാക്കി പങ്കാളിയുടെ നന്മ തിരിച്ചറിഞ്ഞുമുള്ള സ്‌നേഹത്തിലൂടെ ദാമ്പത്യജീവിതം എന്നും സന്തോഷകരമായിരിത്തീരും.

Be A Good Wife

1. ഒരിക്കലും മറ്റു പുരുഷന്മാരുമായി ഭര്‍ത്താവിനെ്‌ താരതമ്യം ചെയ്യാതിരിക്കുക.
2. ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിനെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുക.
3. ഭര്‍ത്താവിന്റെ ജന്മദിനം ഓര്‍ത്തുവയ്‌ക്കുക.
4. ഭര്‍ത്താവിനോട്‌ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ കുറ്റം പറയാതിരിക്കുക.
5. ലൈംഗികകാര്യങ്ങളില്‍ ഭര്‍ത്താവിന്റെ മികച്ച പങ്കാളിയാവുക.
6. കുട്ടികളുണ്ടായതിനുശേഷവും മക്കളുടെ വിവാഹശേഷവും ഭര്‍ത്താവിനോടുള്ള ശ്രദ്ധ കുറയ്‌ക്കാന്‍ പാടില്ല.
7. വിമര്‍ശനങ്ങള്‍ ഒഴിവാക്കുക.
8. കിടപ്പുമുറി വൃത്തിയായും ചിട്ടയായും ചില അലങ്കാരങ്ങളാലും ക്രമീകരിക്കുക.
9. നിങ്ങളുടെ സൗന്ദര്യപരിപാലത്തില്‍ ശ്രദ്ധിക്കുക.

Be A Good Husband

1. ഭാര്യയ്‌ക്ക് പറയാനുള്ളത്‌ ക്ഷമയോടെ കേള്‍ക്കുക.
2. കഴിയുന്നതും നേരത്തേ വീട്ടിലെത്താന്‍ ശ്രമിക്കുക.
3. ഒഴിവുസമയങ്ങളില്‍ ഭാര്യയുമൊത്ത്‌ പാര്‍ക്കിലോ ബീച്ചിലോ സിനിമയ്‌ക്കോ പോവുക.
4. നല്ല കാര്യങ്ങള്‍ക്ക്‌ അഭിനന്ദിക്കുക.
5. കാര്യങ്ങള്‍ സത്യസന്ധമായി തുറന്നുപറയുക.
6. ലൈംഗികതയില്‍ ഭാര്യയുടെ ഇഷ്‌ടങ്ങളും പരിഗണിക്കുക.
7. ജന്മദിനംപോലുള്ള സുദിനങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കുക.
8. നിങ്ങളുടെ സ്‌നേഹം സ്‌പര്‍ശനത്തിലൂടെ അവരെ അറിയിക്കുക.

No comments:

Post a Comment