മലപ്പുറത്തിന്റെ മലനിരചാരുതകളും വനഭംഗിയും ജലപാതസൗന്ദര്യങ്ങളും തേടി മണ്‍സൂണില്‍ ഒരു ബൈക്ക് യാത്ര
മലകളിലൂടെ ഒരു യാത്ര. അതും മഴ നനഞ്ഞ്. മോട്ടോര്‍സൈക്കിളു കൂടിയാവുമ്പോ 'മകാരം മാത്യു'വിനും സന്തോഷമാവും. മലപ്പുറത്തെ മലകളും മലയോരകാടുകളും വെള്ളച്ചാട്ടങ്ങളും തേടിയായിരുന്നു ഈ യാത്ര.
കോഴിക്കോടു നിന്ന് മാവൂര്‍ കവണക്കല്ല് വഴിയാണ് പോവുന്നത്. ആദ്യം കവണക്കല്ലിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് കാണാം. അവിടുത്തെ വര്‍ഷകാല ജലപാതം കാണേണ്ടതു തന്നെ. അങ്ങെത്തും മുമ്പ് തന്നെ കണ്ടു. വെള്ളപൊക്കം. കുലച്ചവാഴകളുടെ കുലയും തലയും മാത്രം മുകളില്‍. കലങ്ങിമറിഞ്ഞൊഴുകുകയാണ് ചാലിയാര്‍. നിറഞ്ഞ ചാലിയാറിനെ കാണാന്‍ കാറും ബൈക്കുമെടുത്തു വന്നവരെയും കാണാം. കവണക്കല്ലിലെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുന്നു. കുതിച്ചൊഴുകുന്ന വെള്ളം നുരച്ചു മറിയുന്നു.
ഉപ്പുവെള്ളത്തില്‍ കിടന്നതിന്റെ ബോറടി മാറ്റാനാണോ, മഴയുടെ ഹരം നുകരാനാണോ കടലില്‍ നിന്ന് നിറയെ നത്തോലികള്‍ കവണക്കല്ലിലെത്തിയിട്ടുണ്ട്. വലയില്‍ നിറയുന്ന നത്തോലികള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. സമീപത്തെ ചായക്കടയിലും നല്ല തിരക്ക്. മുറുക്കും കട്ടന്‍ചായയും സിഗരറ്റും മഴത്തണുപ്പകറ്റാന്‍ സഞ്ചാരികളുടെ ആശ്രയം. ചൂണ്ടയിടാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവിടെ ചൂണ്ടയും കിട്ടും.
പാലം കടന്ന് നേരെ നിലമ്പൂരിലേക്ക്. മലപ്പുറത്തെ കാടുകളുടെ തലസ്ഥാനം നിലമ്പൂരാണ്. ഗോപിനാഥ് മുതുകാടിനും ആര്‍.കെ.മലയത്തിനുമെല്ലാം ജന്മമേകിയ മാന്ത്രികരുടെ നാടിനുമുണ്ടൊരു മാസ്മരികത. ചരിത്രവും സംസ്‌കൃതിയും അവിടെ തലയുയര്‍ത്തി നില്‍പ്പുണ്ട്. അരീക്കോട് വഴിയായിരുന്നു യാത്ര. മലപ്പുറത്തിന്റെ സ്വന്തം പുഴയായ ചാലിയാറും കൂടെയുണ്ട്. ഞങ്ങളുടെ ഇടതുവശത്തു ഇടയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും അതൊഴുകുന്നു. പുത്തലം കഴിഞ്ഞുള്ള കവലയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു. കുറച്ചു ദൂരം പോയപ്പോള്‍ ഒരു മണല്‍ക്കടത്തു കടവ് കണ്ടു. പുഴ നിറഞ്ഞൊഴുകുന്നു. മണല്‍തോണികളെല്ലാം വിശ്രമത്തിലാണ്. കുറച്ചുകൂടി മുന്നോട്ടു പോവുമ്പോള്‍ പൊട്ടിയിലായി. അവിടെയൊരു തൂക്കുപാലമുണ്ട്. പാവണ്ണയേയും പൊട്ടിയിലിനേയും ബന്ധിപ്പിക്കുന്ന ഈ പാലം കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം തൃക്കരിപ്പൂരില്‍ ഇതിനേക്കാള്‍ വലിയൊരു പാലം വന്നതോടെ ആ സ്ഥാനം നഷ്ടപ്പെട്ടു.
തൂക്കുകയറില്‍ ആടികളിക്കുന്ന പാലത്തിലൂടെ അക്കരെ കടന്നു. ചില സ്ലാബുകള്‍ ഇളകിയിട്ടുണ്ട്. അവിടെയും യുവമിഥുനങ്ങള്‍ പ്രണയം പങ്കുവെക്കാനെത്തിയിരിക്കുന്നു. ഫോട്ടോഗ്രാഫറെ കണ്ടപ്പോല്‍ ഇണക്കിളികള്‍ക്ക് ബേജാറ്. ആ 'തൂക്കുപ്രേമ'വും കണ്ട് അക്കരെയ്ക്കു നടക്കുമ്പോഴുണ്ട് രണ്ടുപേര്‍ ആറ്റിലേക്ക് നോക്കിയിരിക്കുന്നു. വടപുറത്തെങ്ങാനും വച്ച് ഒഴുക്കില്‍പെട്ടൊരാനയെ കണ്ടെന്ന നാട്ടുവാര്‍ത്ത കേട്ടെത്തിയതാണ്. ആനയെങ്ങാനും വന്നാലോ എന്നു കരുതി ഞങ്ങളും കാത്തുനോക്കി. പക്ഷെ അതൊരു കിംവദന്തി മാത്രമായിരുന്നെന്നു തോന്നുന്നു. ഫോട്ടോയുമെടുത്ത് തിരിച്ച് എടവണ്ണ വഴി വടപുറം കഴിയുമ്പോള്‍ ഇടതുവശത്ത് കനോലി പ്‌ളോട്ടിന്റെ കവാടം കാണാം. നാലുമണിവരെയാണ് പ്രവേശനം. ചാലിയാറിനു കുറുകെയുള്ള തൂക്കുപാലം കടന്ന് തേക്കിന്‍തോട്ടം കാണാം. വനഭംഗി നുകരാം. ബ്രിട്ടീഷ് അധിനിവേശകാല കഥകളും ഈ തോട്ടങ്ങള്‍ക്ക് പറയാനുണ്ട്.
ആഹ്ലൂദവും കാല്‍പ്പനികതയും ഒപ്പം സങ്കടവും കൂടിയാണ് മഴ. എല്ലാ വികാരങ്ങളേയും അത് പേറുന്നു. നിലമ്പൂരില്‍ നിന്നു തേക്കു മ്യൂസിയത്തിനടുത്തെത്തിയപ്പോള്‍ മഴ തന്നത് സങ്കടമാണ്. റോഡരികില്‍ നിന്നിരുന്ന ഒരു മരുത് മരം കടപുഴകി വീണിരിക്കുന്നു. ഒരു ബൈക്ക് അടിയില്‍ പെട്ടു. ഓടിച്ചിരുന്നയാള്‍ മരക്കൊമ്പിനടിയിലും. തൊട്ടരികിലെ മൈതാനത്ത് മഴ വകവെക്കാതെ കളിച്ചുകൊണ്ടിരുന്ന ഫുട്‌ബോള്‍ കളിക്കാരുണ്ടായിരുന്നു. അതും മലപ്പുറത്തിന്റെ ഒരടയാളമാണ്. മഴയായാലും വെയിലാലായാലും മായാത്ത ഫുട്‌ബോള്‍ ജ്വരം. അവര്‍ ഓടിവന്നു.പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു.
വലതുവശത്തെ പറമ്പിലൂടെ ഒരു ഓഫ് റോഡ് ബൈക്കിങ്. ഗതാഗത തടസ്സം മറികടന്നു. കരിമ്പുഴക്കരയിലെത്തി. കലങ്ങി മറിഞ്ഞൊഴുകുകയാണ് കരിമ്പുഴയും. സാമുതിരി-വള്ളുവക്കോനാതിരി യുദ്ധസ്മരണകള്‍ ഈ നദിയിലിരമ്പുന്നുണ്ട്. വള്ളുവക്കോനാതിരിയുമായുള്ള യുദ്ധസന്നാഹങ്ങളില്‍ കരിമ്പുഴക്കര സാമുതിരി പട്ടാളത്തിനൊരു ഇടത്താവളമായിരുന്നു. പാലത്തിനോട് ചേര്‍ന്നാണ് കെ.ടി.ഡി.സിയുടെ ടാമറിന്റ് ഹോട്ടല്‍. കരിമ്പുഴയുടെ തീരത്ത് കാലിക്കറ്റ് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡ് എന്ന സിഎന്‍ജി റോഡിന്റെ ഓരത്ത്. മഴയായതുകൊണ്ടാവാം താമസക്കാരായി അന്ന് ഞങ്ങളേയുണ്ടായിരുന്നുള്ളു. ടിവിയില്‍ വാര്‍ത്തകള്‍ തിരഞ്ഞു. അതാ സ്‌ക്രോളു പോകുന്നു. തൃക്കരിപ്പൂരിലെ തൂക്കുപാലം 'പഞ്ചവടിപ്പാല'മായിരുന്നെന്ന്. അത് മൂക്കുംകുത്തി പുഴയില്‍ വീണിരിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടേയുള്ളു! ഇതു കേട്ടൊരു പക്ഷെ പൊട്ടിയില്‍ പാലം പൊട്ടിചിരിക്കുന്നുണ്ടാവും. ഇനി അവന്‍ തന്നെ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം!
അതിരാവിലെ എഴുന്നേറ്റു നാടുകാണിയിലേക്ക് പോയി. തേക്കിന്‍തോട്ടം കടന്ന് മുളംകാടുകള്‍ ആര്‍ച്ചൊരുക്കിയ വീഥികളിലൂടെ ഒരു റൈഡ്. വെള്ളവരകള്‍ ആഭരണമായണിഞ്ഞ് വളവുതിരിവുകളില്‍ ചന്തം ചാര്‍ത്തിയെടുത്ത പാത. ഇവിടെ ഹെയര്‍പിന്‍ വളവുകളില്ല. എസ് വളവുകളും എന്‍വളവുകളും ഇസഡ് വളവുകളുമാണെല്ലാം. കനത്തമഴയില്‍ വഴിയോരവെള്ളച്ചാട്ടങ്ങള്‍ ജീവന്‍ വെച്ചിരിക്കുന്നു. അങ്ങിനെയൊരു വെള്ളച്ചാട്ടത്തിനരികെ ലോറികള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഡ്രൈവര്‍മാരുടെ കുളിയും പാചകവുമെല്ലാം ഇവിടെ തന്നെ.
ഇവിടുത്തെ കച്ചവട സാധ്യത കണ്ടുകൊണ്ടാണ്. മന്‍സൂര്‍ താഴെ വഴിക്കടവില്‍ നിന്നും തന്റെ എം 80 യുമായെത്തിയത്. അത് സഞ്ചരിക്കുന്നൊരു ചായക്കടയാണ്. മഴ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞ് അതിനുള്ളിലാണ് കച്ചവടം. ചായ. ബ്രഡ്, ഓംലറ്റ് എന്നിങ്ങനെ അത്യാവശ്യം വിശപ്പടക്കാനും തണുപ്പകറ്റാനുമുള്ള വകകള്‍ ആ കൊച്ചുവണ്ടിയിലെ വലിയ കൂടയ്ക്കുള്ളിലുണ്ട്.
നാടുകാണിയില്‍ വന്യമൃഗങ്ങളുടെ ചിത്രം വരച്ച പാറയുണ്ട്. ഫ്ലൂറസന്റ് കളറില്‍ വരച്ച ചിത്രങ്ങള്‍ക്ക് രാത്രി വാഹനവെളിച്ചത്തില്‍ 'ജീവന്‍' വെക്കും. സഞ്ചാരികള്‍ക്ക് മൃഗങ്ങളെ നേരില്‍ കാണുന്ന പ്രതീതി. മഴ ആ കാഴ്ച കെടുത്തിയിരിക്കുന്നു. നിലമ്പൂര്‍ കോവിലകം-അമരമ്പലം ആനത്താരയും ഈ ചുരത്തിലാണ്. മുന്നറിയിപ്പ് ബോര്‍ഡു കാണാം. ആനകളുണ്ടെങ്കില്‍ ശല്യപ്പെടുത്താതെ പോവാന്‍ ശ്രദ്ധിക്കുക. അപകടകാരികളാണ് ഇവിടുത്തെ ആനകള്‍.
വളവില്‍ തിരിവിലാണത്. ചുരത്തില്‍ ഫഖീര്‍ ശൈഖ് മുഹമ്മദ് സ്വാലിഹിന്റെ ജാറം. ജാറത്തിനരികില്‍ ഹൈദരാലിയിരിക്കുന്നു. പ്ലൂസ്റ്റിക് ഷീറ്റ് മേല്‍പ്പുരയാക്കി. വിറകടുപ്പിലെ തീകാഞ്ഞ്.
ആനമറിയിലെ പള്ളിയുടെ സംരക്ഷണയിലാണ് ജാറം. വര്‍ഷങ്ങള്‍ക്കു മുമ്പ് യെമനില്‍ നിന്നു മതപ്രചരാണര്‍ഥം വന്ന നാലു പണ്ഡിതന്‍മാര്‍ ഇവിടെ വെച്ച് മരിച്ചു. അവരിലൊരാളെ അടക്ക്ിയ ജാറമാണ് റോഡരികില്‍. ഒരെണ്ണം മുകളിലുണ്ട്. മറ്റ് രണ്ടെണ്ണം പരിസരത്തെവിടെയോ ഉണ്ടെന്നറിയാം. എന്നും രാവിലെ ആറുമണി മുതല്‍ രാത്രി എട്ടുമണിവരെ ഹൈദരലി ഇവിടെയുണ്ടാവും. ഇതു വഴി പോവുന്ന സഞ്ചാരികള്‍ എന്തെങ്കിലും കാണിക്ക നല്‍കും. പ്രാര്‍ഥിക്കും. പുകയുന്ന ചന്ദനത്തിരികള്‍ മനസുകളിലുയരുന്ന പ്രാര്‍ഥനകള്‍ പോലെ അന്തരീക്ഷത്തില്‍ വിലയം കൊള്ളുന്നു.
തൊട്ടു മുന്നില്‍ താഴെയായി പലപ്പോഴും ആനകള്‍ വരാറുണ്ടെങ്കിലും ജാറവും പരിസരവും അവ ഒന്നും ചെയ്യാറില്ലെന്ന് ഹൈദരലി പറഞ്ഞു. എന്റെ ബാപ്പ മുഹമ്മദ് മല്ല യായിരുന്നു വര്‍ഷങ്ങളോളം ഇവിടെ കാവല്‍. ശഅബാന്‍ ഒന്നിനാണ് ഇവിടെ നേര്‍ച്ച. ഇത് ഫോറസ്റ്റ് ഏരിയായതുകൊണ്ട് താഴെ ആനമറി പള്ളിയില്‍ വെച്ചാണ് നേര്‍ച്ച നടത്താറ്. അന്ന് ഒരു പാട് പേര്‍ ഇവിടെ വന്ന് പ്രാര്‍ഥിച്ചു പോകും. വര്‍ഷങ്ങള്‍ക്കു മുമ്പ് സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത്. ഇത്രയും ദൂരം താണ്ടി ഇവിടെയെത്തി യാത്രയില്‍ ജീവിതം ഹോമിച്ച ഈ വിശ്വസഞ്ചാരികളെ നമുക്കും നമിക്കാം.
പിന്നെയും മുന്നോട്ട്. തേയില ചെടികള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. തമിഴ്‌നാടായി. കൊളുന്തു നുള്ളാന്‍ പോകുന്ന തമിഴ്മക്കളെ കാണാം. മഞ്ഞ ഓട്ടോറിക്ഷകളും തമിഴ്‌നാടിന്റെ അടയാളമാവുന്നു. റോഡരികിലെ കുഞ്ഞുഗുഹ. മഴ നനയാതിരിക്കാന്‍ ഒരു പശു കയ്യടക്കി വെച്ചിരിക്കുന്നു. പുറത്ത് ഇറ്റു വീഴുന്ന മഴത്തുള്ളികളും ആസ്വദിച്ച് അതിങ്ങനെ അലസമായി അയവെട്ടി കിടക്കുകയാണ്. അതേ, മഴ അങ്ങിനെയും ആസ്വദിക്കാം. മുറിക്കകത്തിരുന്ന് പുറത്തു പെയ്യുന്ന മഴയും കണ്ടങ്ങിനെ..
നാടുകാണിയില്‍ വെച്ച് റോഡ് രണ്ടാകുന്നു. ഒന്ന് വയനാട് വഴി കോഴിക്കോട്ടേക്ക്. മറ്റൊന്ന് ഗൂഡല്ലൂര്‍ വഴി ഊട്ടിക്ക്. ട്രാഫിക് ഐലന്റിനെ വലം വെച്ച് ഞങ്ങള്‍ നാടുകാണിച്ചുരത്തിലൂടെ തന്നെ തിരികെ പോന്നു. ഓടികയറിയ ഗിയറില്‍ തിരിച്ചിറങ്ങണമെന്നാണ് റൈഡിങ്ങ് പാഠം. അതുപ്രകാരം മെല്ലെ മെല്ലെ..ഉച്ചയൂണിന് നിലമ്പൂരിലെത്തി.
പിന്നെ ചാലിയാര്‍ മുക്കിലേക്ക് വിട്ടു. കരിമ്പുഴ പാലം കഴിഞ്ഞ് അല്‍പം മുന്നോട്ട് പോകുമ്പോള്‍ വലത്തോട്ട് കല്ലിട്ട റോഡ് കാണാം. മനോഹരമായ വഴി. ഇരുവശവും തണലേകി തലയുയര്‍ത്തി നില്‍ക്കുന്ന വന്‍മരങ്ങള്‍. അല്‍പദൂരം പിന്നിട്ടപ്പോള്‍ റോഡിനു കുറുകെ വനംവകുപ്പിന്റെ ഗേറ്റ്. അവിടെ നിന്നങ്ങോട്ട് വണ്ടികള്‍ക്കു പ്രവേശനമില്ല. കാല്‍നടമാത്രം. ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ ചാലിയാര്‍ മുക്കായി. കരിമ്പുഴ ചാലിയാറില്‍ ചേരുന്നയിടം. തുരുത്തുകളും മൂന്നു കൂടിയ മുക്കും. അത് കാട്ടിനുള്ളിലിരുന്ന കാണാം. വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ ധാരാളം പേര്‍ ഇവിടെ വരാറുണ്ട്.
ചന്തക്കുന്നിലേക്കായിരുന്നു അടുത്തയാത്ര. വനംവകുപ്പിന്റെ കയ്യിലുള്ള പുരാതന ബംഗ്ലൂവാണിവിടെ. 1928 ല്‍ പണിതത്. ഇപ്പോഴത് മ്യൂസിയമാക്കാനുള്ള ഒരുക്കത്തിലാണ്. എന്നാവുമോ എന്തോ? ഒരു ഡോര്‍മെറ്ററിയും ഉണ്ടവിടെ. ബംഗ്ലാവില്‍ പണ്ട് ഭാര്‍ഗവി നിലയം, പൂമഠത്തെ പെണ്ണ്, തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഭാര്‍വീനിലയം പെട്ടെന്ന് മനസിലേക്കോടി വന്നു. ഡോര്‍മെറ്ററിയുടെയും ബംഗ്ലൂവിന്റെയും ഇടയില്‍ ഒരു കുഞ്ഞുപാറയുണ്ട്. നരിപ്പാറ എന്നു പേര്. പണ്ട് ഇതിനടിയിലെ മടയില്‍ നരിയുണ്ടായിരുന്നു. ഇപ്പോല്‍ നരിമട സഞ്ചാരികള്‍ക്ക് കാറ്റേറ്റിരിക്കാന്‍ നല്ലൊരു വ്യൂപോയിന്റാണ്. ഭാര്‍ഗവീ നിലയം ചിത്രീകരണ സമയത്ത് നസീറും വിജയനിര്‍മ്മലയുമൊക്കെ ഇവിടെ കാറ്റേറ്റിരുന്നിരിക്കണം. താഴെ ചാലിയാര്‍ ഒഴുകുന്നതു കാണാം. നിലമ്പൂര്‍ കോവിലകം, നിലമ്പൂര്‍ ഹൈസ്‌ക്കൂള്‍ തുടങ്ങിയവയുടെ കെട്ടിടങ്ങളും കാണാം.
കുന്നിറങ്ങി നേരെ ടി.കെ കോളനിയിലേക്ക് വിട്ടു. റെയില്‍വേസ്റ്റേഷന്‍ വഴി പൂക്കോട്ടുംപാടം. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അല്‍പം മുന്നോട്ട് പോയി വലത്തോട്ട്. നേരം ഇരുണ്ട് തുടങ്ങിയിരിക്കുന്നു. സന്ധ്യയായതിന്റെയല്ല. കരിമേഘങ്ങളുടെ ഇരുളിമ. കവുങ്ങിന്‍ തോട്ടങ്ങളും വാഴത്തോട്ടങ്ങളും റബ്ബര്‍ത്തോട്ടങ്ങളും താണ്ടി ടി.കെ.കോളനിയിലെ പുഴയോരത്ത് റോഡ് തീര്‍ന്നു. മുകളില്‍ നിന്ന് താഴോട്ട് നോക്കുമ്പോള്‍ കാടിന്റെ ഇരുളിമയ്ക്കിടയില്‍ ഇടയ്ക്കിടെ വെളിപെടുന്ന വെണ്‍വെട്ടം പോലെ കരിമ്പാറകളില്‍ തല്ലിയാര്‍ത്തൊഴുകുകയാണ് പുഴ. സൈലന്റ് വാലി കാടിന്റെ ഭാഗമാണ് ഇവിടെ. അമരമ്പലം ഫോറസ്റ്റ് എന്നു പറയാം. കോളനിയുടെ കുടിവെള്ള സ്രോതസ് ഈ പുഴയാണ്. ഒരുപാട് പേര്‍ കുളിക്കാനായി വരാറുണ്ടായിരുന്നു. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും വൃത്തികേടാക്കിയും കുടിവെള്ളം മുട്ടിക്കുമെന്നായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. ഇത്തരക്കാരുടെ സ്വതന്ത്ര വിഹാരത്തിന് തടയിട്ടിരിക്കുകയാണ്. കുളിച്ചില്ലെങ്കിലും വന്നു കാണാന്‍ ഇതൊരു നല്ലയിടമാണ്. പ്രത്യേകിച്ചും മഴക്കാലത്തും. മഴമാറിയൊരു മൂന്നു മാസത്തോളവും.
പിറ്റേന്ന് കാലത്ത് പെരിന്തല്‍മണ്ണയ്ക്ക്. നിലമ്പൂരില്‍ നിന്ന് വടപുറം വണ്ടൂര്‍ പട്ടിക്കാട് വഴി. ബൈക്കിങ്ങിന് പറ്റിയ പാത. കുഞ്ഞുകുഞ്ഞു ആരോഹണങ്ങളും വളവുതിരിവുകളും ഹരമേകുന്നു. അതിരാവിലെയായതുകൊണ്ട് തിരക്കുമില്ല. നല്ല സുഖസവാരി. വഴിക്ക് ഭക്ഷണം കഴിക്കാമെന്നു ഉദ്ദേശിച്ചിരുന്നെങ്കിലും എങ്ങും നിര്‍ത്താന്‍ തോന്നുന്നില്ല.
പെരിന്തല്‍മണ്ണ ബൈപ്പാസിനരികില്‍ ഹോട്ടല്‍ ചില്ലീസില്‍ നിന്ന് പ്രഭാതഭക്ഷണം. വലത്തോട്ട് കോഴിക്കോട് റോഡ് ഇടത്തോട്ട് പാലക്കാട് റോഡ്. ടൗണ്‍ തൊടാതങ്ങ് പോവാം. കൊടികുത്തിമലയാണ് ലക്ഷ്യം. ഞങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞു. ബൈപ്പാസും ടൗണില്‍ നിന്നുള്ള റോഡും ചേരുന്നിടത്തു നിന്ന് വീണ്ടും ഇടത്തോട്ട്. ഇം.എം. എസ് സഹകരണ ആസ്പത്രി കഴ്ിഞ്ഞ് അല്‍പം കൂടി പോയാല്‍ അമ്മിണിക്കാടായി. അവിടെ നിന്നും ഇടത്തോട്ട് മണ്‍ റോഡ്. ബുള്‍ഡോസറുകള്‍ വന്ന് റോഡ് വീതി കൂട്ടുന്നു. ലോറിയില്‍ കല്ലും മണ്ണും കൊണ്ടുപോവുന്നു. പെരിന്തല്‍മണ്ണയുടെ മന്ത്രി മഞ്ഞളാംകുഴി അലിയുടെ മണ്ഡലവികസന പ്രവര്‍ത്തനങ്ങളാണ് തകൃതിയായി നടക്കുന്നത്. കല്ലും മുള്ളും ചെളിയും. യാത്ര ഓഫ് റോഡ് ബൈക്കിങ്ങായി. കുറച്ചു ദൂരം പോയപ്പോള്‍ ഇനി ബൈക്കിനും പോവാനാവില്ലെന്നായി. ഞങ്ങള്‍ ബൈക്കൊതുക്കി. ഇനി നടക്കാം. മൂന്നു കിലോമീറ്ററെങ്കിലും കാണും. ചെളിയില്‍ ചവിട്ടി കുഴഞ്ഞപ്പോള്‍ മലനിരകളിലെ പുല്‍മേടുകളിലൂടെ നടന്നു. ഉയരങ്ങളിലെത്തും തോറും കാഴ്ചയുടെ മാനങ്ങള്‍ മാറുന്നു. പെരിന്തല്‍മണ്ണ ടൗണും പരിസരവും കാണാം. കുന്തിപ്പുഴ കാണാം. മുകളിലെ വാച്ച്ടവര്‍ കോടമഞ്ഞില്‍ കുളിച്ചു നില്‍പ്പാണ്.
നടന്നു നടന്നു മുകളിലെത്തി. പ്രകൃതിയോടുള്ള നമ്മുടെ വൃത്തികെട്ട മനോഭാവത്തിന്റെ നിദര്‍ശനമായി നിലകൊള്ളുകയാണ് വാച്ച് ടവറും. പ്രാഥമികസൗകര്യത്തിനുള്ള കെട്ടിങ്ങളും. എല്ലാം അടിച്ചുതകര്‍ത്തിരിക്കുന്നു. ഇഷ്ടികകള്‍ നുറുങ്ങി കിടക്കുന്നു. കരാട്ടെ പഠിക്കാന്‍ വന്നതാണോ, കരാട്ടേക്കാര്‍ പരീക്ഷിച്ചതാണോ എന്നറിയില്ല. ഭിത്തിയും പരിസരവുമെല്ലാം എഴുതിയും കോറിയിട്ടും വൃത്തികേടാക്കിയിട്ടുമുണ്ട്. വിനോദസഞ്ചാരത്തിന് സാധ്യതയുള്ള ഒരിടത്തിന്റെ ശോചനീയാവസ്ഥ. വിനോദസഞ്ചാരികളുടെ മനോഭാവം മാറാതെ ഇവിടെങ്ങിനെ ടൂറിസം വളരും?
തൊട്ടടുത്ത വനംവകുപ്പിന്റെ കെട്ടിടമുണ്ട്. ടിക്കറ്റ് വെച്ച് സഞ്ചാരികളെ നിയന്ത്രിക്കുകയും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ പൂന്തോട്ടങ്ങളോ താമസ സൗകര്യമോ ഏര്‍പ്പാടാക്കുകയും ചെയ്താല്‍ മലപ്പുറത്തിന്റെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം പിടിക്കാവുന്നതാണ് കൊടികുത്തിമലയും. വാച്ച് ടവറില്‍ നിന്നും ചുറ്റുവട്ടത്തെ മലനിരകളുടെ വിശാലദൃശ്യവും ചേതോഹരമാണ്. ഇവിടെയൊരു കാഴ്ച ബംഗ്ലൂവ് സ്ഥാപിക്കാനുള്ള പദ്ധതിയും നടക്കുന്നു.
മലയിറങ്ങി താഴെയെത്തിയപ്പോഴാണ് യാത്രയുടെ വായനക്കാരനായ നിഖിലിന്റെ ഫോണ്‍. പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പാലൂര്‍ക്കോട്ട വെള്ളച്ചാട്ടത്തെ പറ്റി പറയാനാണ് വിളിച്ചത്. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കടുങ്ങപുരം പള്ളികുളമ്പിനും മാലാപറമ്പ് പാലച്ചോടിനുമിടയ്ക്കാണിത്. മഴക്കാലത്താണ് അങ്ങോട്ട് പോവേണ്ടത്. പെരിന്തല്‍മണ്ണയില്‍ നിന്ന് വളാഞ്ചേരി റൂട്ടിലാണ് പാലൂര്‍ക്കോട്ട. എം.ഇ.എസ് ഹോസ്പിറ്റലു കഴിഞ്ഞ് അല്‍പം മുന്നോട്ട് പോയി പാലച്ചോടു നിന്ന് വലത്തോട്ട് തിരിയണം. രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയായി. അവിടെ ബൈക്ക് നിറുത്തി സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെ അല്‍പം നടന്നുവേണ് വെള്ളച്ചാട്ടത്തിനരികിലെത്താന്‍. മലപ്പുറം പെരിന്തല്‍മണ്ണ റൂട്ടില്‍ രാമപുരത്തു നിന്ന് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇവിടെയെത്താം. മുകളില്‍ വിശാലമായൊരു കുളം. അത് നിറഞ്ഞുകവിഞ്ഞാണ് വെള്ളച്ചാട്ടമാവുന്നത്. പുല്‍പ്പരപ്പുകളെയും കുറ്റിച്ചെടികളേയും തഴുകിയിറങ്ങി 500 അടി താഴ്ചയിലേക്ക് മൂന്നുപടിയായി പതിക്കുന്നു വെള്ളച്ചാട്ടം. പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടയില്‍ ടിപ്പു ഇവിടെ തമ്പടിക്കാറുണ്ടായിരുന്നു. ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങളും പരിസരത്തുണ്ട്. താഴോട്ട് ട്രെക്കിങ്ങ് നടത്തിയാല്‍ വെള്ളച്ചാട്ടത്തിന്റെ ഉയരകാഴ്ച. മുകളില്‍ നിന്നാല്‍ ആകാശകാഴ്ചയും. ഖിലാഫത്ത് സമരനായകന്‍ കട്ടിലശ്ശേരി മുഹമ്മദ് മുസലിയാര്‍ ഒളിത്താവളമായി ഇവിടെ ഉപയോഗിച്ചിരുന്നെന്നും ചരിത്രസ്മരണകള്‍.
വീണ്ടും അങ്ങാടിപ്പുറം വന്ന് തിരുമാന്ധാംകുന്നിറങ്ങി കോഴിക്കോട് ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു. നല്ല റോഡ്. എന്നിരുന്നാലും മഴയെ മാനിക്കണം. വേഗത നിയന്ത്രിച്ചു. രാമനാട്ടുകര ബൈപ്പാസ് വഴി കോഴിക്കോടിന്. ബൈക്കോടിച്ചതിന്റെ ഹരമാണോ, മഴ നനഞ്ഞതിന്റെ കുളിരാണോ, പുതിയ സ്ഥലങ്ങള്‍ പരിചയപ്പെട്ടതിന്റെ സന്തോഷമാണോ മുന്തി നില്‍ക്കുന്നത്? ഇത് മൂന്നും ചേര്‍ന്ന വികാരത്തെ നമുക്ക് മഴ നനഞ്ഞ്, മോട്ടോര്‍സൈക്കിളിലൊരു മലപ്പുറം യാത്രയെന്നു വിളിക്കാം.
മഴക്കാല യാത്രയില്‍ ശ്രദ്ധിക്കേണ്ടത്
1. മഴയില്‍ റോഡ് ഗ്രിപ്പ് കുറയും. മറ്റുവാഹനങ്ങളില്‍ നിന്നു വീഴുന്ന ഓയിലും കൂളന്റുമെല്ലാം മഴപെയ്യുന്നതോടെ റോഡിനെ വഴുവഴു പ്പുള്ളതാക്കുന്നു. പ്രത്യേകിച്ചും ആദ്യമഴയില്‍. വേഗത നിയന്ത്രിച്ച് ഓടിക്കുക
2. നല്ല മഴയുണ്ടെങ്കില്‍ ലൈറ്റിടുക.
3. മുന്നിലെവാഹനവുമായി നിശ്ചിത അകലം പാലിക്കുക.
4. ബ്രേക്ക,് ലൈറ്റ്, ഹോണ്‍ എയര്‍ എന്നിവ ചെക്കുചെയ്യുക.
5. മൊട്ടയായ ടയറുകള്‍ മാറ്റുക.
6. വാട്ടര്‍ പ്രൂഫ് ജാക്കറ്റും ഗ്ലൂസും കരുതുക.
7. ഹെല്‍മെറ്റ് മറക്കരുത്
8. യാത്ര കഴിഞ്ഞാല്‍ ബൈക്ക് കഴുകി വെക്കാന്‍ മറക്കരുത്.
No comments:
Post a Comment