കാതിലേക്ക് അതുവരെ കേട്ടിട്ടില്ലാത്ത ഒരു പ്രണയഗാനമൊഴുകുന്നു. ചെന്നൈയിലെ വര്‍ഷവല്ലകി സ്റ്റുഡിയോയില്‍ വച്ച് അന്ന് കാലത്ത് റെക്കോര്‍ഡ് ചെയ്ത പാട്ട് ഫോണിലൂടെ പാടിക്കേള്‍പ്പിക്കുകയാണ് മലയാള സിനിമാ സംഗീതത്തിലെ നിത്യഹരിത കാമുകനായ പി. ജയചന്ദ്രന്‍: ''ആരോടും ആരാരോടും പാടല്ലേ പറയല്ലേ, ആലോലം ആടാടല്ലേ ആരോമല്‍ പൂവല്ലേ, ഒരു കാര്യം പറയാതെ ഒരു വാക്കും മിണ്ടാതെ മഴ മായും മലര്‍മേലെ തെളിവാന ചിരിപോലെ വരണൊണ്ടേ ഇഷ്ടം കൂടാന്‍ ഞാന്‍ കുഞ്ഞാറ്റേ... '' മുരുകന്‍ കാട്ടാക്കട എഴുതി വിദ്യാസാഗര്‍ ഈണമിട്ട പാട്ട്. ചിത്രം: ഭയ്യാ ഭയ്യാ.
അത്ഭുതം തോന്നി. ആഹ്ലാദവും. 70 വയസ്സ് പിന്നിട്ട കാമുകനാണ് പാടുന്നത്, പതിനെട്ടുകാരന്റെ ശബ്ദത്തില്‍. ചോദിക്കണമെന്നുണ്ടായിരുന്നു: എങ്ങനെ ഇത്രയും പ്രണയം ഈ പ്രായത്തിലും മനസ്സില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നു? ഏതു ന്യൂജനറേഷന്‍ ഗായകനെയും അതിശയിപ്പിക്കും വിധം എങ്ങനെ ഇത്ര അനായാസം കാമിനിമാരുടെ ഹൃദയം തൊട്ടറിയാനാകുന്നു? എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ജയചന്ദ്രന്‍ ചിരിയോടെ പറഞ്ഞു: ''നല്ല വരികളും നല്ല സംഗീതവും ഉണ്ടെങ്കില്‍ പ്രണയം താനേ വരും. പിന്നെ നമ്മള്‍ വെറുതെ നിന്നുകൊടുത്താല്‍ മതി. പാട്ട് നമ്മളെയും കൊണ്ട് പൊയ്‌ക്കൊള്ളും; അറിയാത്ത ഏതൊക്കെയോ വഴികളിലൂടെ അത് നമ്മെ കൈപിടിച്ചു നടത്തും.'' ആ അറിയാവഴികളിലൂടെ സാധാരണക്കാരായ ശ്രോതാക്കളേയും കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി താനെന്ന് അറിയുന്നുണ്ടാകുമോ ജയചന്ദ്രന്‍?
മറ്റൊരു പ്രണയഗാനത്തിലൂടെ ജയചന്ദ്രന്‍ മലയാളികളെ വശീകരിച്ചിട്ട് ഏറെ നാളായിട്ടില്ല: 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവീ. ഇപ്പോഴിതാ പ്രണയത്തിന്റെ ലോലമായ മയില്‍പ്പീലി സ്പര്‍ശവുമായി 'ആരോടും ആരാരോടും'. അടിമുടി വിദ്യാസാഗര്‍ ടച്ച്' നിറഞ്ഞു നില്‍ക്കുന്ന സുന്ദര ഗാനം. ''എന്താണ് ജയേട്ടനുമായി വീണ്ടും ഒരുമിക്കാത്തത് എന്ന് നിങ്ങള്‍ ചോദിച്ചിരുന്നില്ലേ? അതിനുള്ള മറുപടിയാണ് ഈ പാട്ട്.'' പിറ്റേന്ന്, പാട്ടിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞു വിളിച്ചപ്പോള്‍ വിദ്യാസാഗര്‍ പറഞ്ഞു. ''എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ പാടിയ ഗായകനാണ് ജയേട്ടന്‍ . അദ്ദേഹത്തിനു മാത്രം പാടി ഫലിപ്പിക്കാന്‍ കഴിയുന്ന ചില പാട്ടുകളുണ്ട്.
അത്തരം പാട്ടുകളേ ഞാന്‍ അദ്ദേഹത്തിന് നല്‍കിയിട്ടുള്ളൂ. ഇന്നലെ ജയേട്ടന്‍ ആ പാട്ട് പാടിത്തീര്‍ന്നപ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു; കണ്ണും. എത്ര കാലമായി ഇതുപോലെ ഭാവാര്‍ദ്രമായ ആലാപനം കേട്ടിട്ട്. ..'' ശരിയാണ്. വിദ്യാസാഗറിന്റെ ഏറ്റവും മികച്ച ഈണങ്ങള്‍ പലതും നാം കേട്ടത് ജയചന്ദ്രന്റെ ശബ്ദത്തിലായിരുന്നില്ലേ? രണ്ടാം ഭാവത്തിലെ മറന്നിട്ടുമെന്തിനോ, ചന്ദ്രോത്സവത്തിലെ ആരാരും കാണാതെ, ദേവദൂതനിലെ പൂവേ പൂവേ പാലപ്പൂവേ.....പിന്നെ യൗവനത്തിന്റെ ഊര്‍ജസ്വലതയും മെലഡിയുടെ മാധുര്യവും സമ്മേളിച്ച 'നിറ'ത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കീ...
''ആരെയും മനസ്സില്‍ കണ്ട് ട്യൂണിടാറില്ല ഞാന്‍. പാട്ടുണ്ടാക്കിയ ശേഷം അനുയോജ്യമായ ശബ്ദം തേടിപ്പിടിക്കുകയാണ് എന്റെ രീതി.'' വിദ്യാസാഗര്‍ പറയുന്നു. ''ഭയ്യാ ഭയ്യയിലെ ഗാനസൃഷ്ടിയുടെ ഏതോ ഘട്ടത്തില്‍ ജയേട്ടന്റെ ശബ്ദം എന്റെ മനസ്സിലേക്ക് ഒഴുകിയെത്തി എന്നതാണ് സത്യം. ശബരിമല യാത്രയുടെ തിരക്കിലായതിനാല്‍ അദ്ദേഹത്തിനു ചെന്നൈയിലേക്ക് വരാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. വന്നില്ലായിരുന്നെങ്കില്‍ അതൊരു വലിയ നിരാശയായേനെ. ഭാഗ്യവശാല്‍ സമയത്തിന് തന്നെ ജയേട്ടന്‍ എത്തി. സ്റ്റുഡിയോയില്‍ കയറിവന്നയുടന്‍ അദ്ദേഹം പറഞ്ഞു: 'ഇത്തവണ നിന്ന് പാടാന്‍ വയ്യ. പ്രായമൊക്കെ ആയിവരികയല്ലേ? ഇരുന്നു പാടിനോക്കാം.' അത്ഭുതം തോന്നി. ആദ്യമായാണ് എന്റെ റെക്കോര്‍ഡിംഗിന് അങ്ങനെയൊരു ആവശ്യം അദ്ദേഹം പറഞ്ഞുകേള്‍ക്കുന്നത്...''
മൈക്കിനു മുന്നില്‍ ഇരുന്നു ഭാവമധുരമായി പാടുന്ന ജയചന്ദ്രനെ നോക്കിനിന്നപ്പോള്‍ മൂന്നര പതിറ്റാണ്ട് മുന്‍പ് ചെന്നൈയിലെ രേവതി സ്റ്റുഡിയോയില്‍ വെച്ച് ആദ്യമായി അദ്ദേഹത്തെ കണ്ട നിമിഷങ്ങളാണ് ഓര്‍മ്മ വന്നതെന്ന് വിദ്യാസാഗര്‍. ദേവരാജന്‍ മാസ്റ്ററുടെയോ മറ്റോ റെക്കോര്‍ഡിംഗ് ആയിരിക്കണം. പൂര്‍ണ്ണമായ ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ മൈക്കിലേക്ക് ഹൃദയം തുറന്നു പാടുകയാണ് ജയചന്ദ്രന്‍. ഓര്‍ക്കസ്ട്രയില്‍ വൈബ്രോഫോണ്‍ വായിക്കാന്‍ പയ്യനായ ഞാനുമുണ്ട്. അന്ന് കേട്ട അതേ മാധുര്യത്തോടെ ഈ എഴുപതാം വയസ്സിലും അദ്ദേഹം പാടുന്നു. സ്റ്റുഡിയോ മുറിയുടെ ഏകാന്തതയില്‍ മാത്രമല്ല നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നിലും...'' ജയചന്ദ്രന്റെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം ഓര്‍മ്മയില്‍ നിന്ന് മൂളുന്നു വിദ്യാസാഗര്‍: താലാട്ടുതേ വാനം, തള്ളാടുതേ മേഘം .. ഇശൈജ്ഞാനി ഇളയരാജ ഈണമിട്ട ''കടല്‍മീന്‍ക''ളിലെ മനോഹരമായ മെലഡി.
ഓര്‍ക്കുമ്പോള്‍ കൗതുകം തോന്നാം. മലയാള സിനിമയിലെ ശ്രദ്ധേയരായ പുതു തലമുറ സംഗീത സംവിധായകരില്‍ പലരുടെയും മികച്ച ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ളത് ജയചന്ദ്രനാണ്.ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തിലെ സ്വയംവരചന്ദ്രികേ എന്ന യുഗ്മഗാനം ഓര്‍മയില്ലേ. ദീപക് ദേവ് എന്ന സംഗീത സംവിധായകനെ മലയാളികള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത് തന്നെ സുജാതയോടൊപ്പം ജയചന്ദ്രന്‍ പാടിയ ആ പാട്ടിലൂടെയാണ്.
പതിറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തില്‍ ദീപക് സൃഷ്ടിച്ച ഏറ്റവും മികച്ച ഈണങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും ഈ പാട്ടുണ്ടാകും ആ പട്ടികയുടെ തലപ്പത്ത്. ജലോല്‍സവത്തിലെ കേരനിരകളാടും എന്ന ഗാനത്തെ ഒഴിച്ചു നിര്‍ത്തി അല്‍ഫോണ്‍സിന്റെ സംഗീത സംഭാവനകളെ വിലയിരുത്താനാകുമോ നമുക്ക്? സരസ്വതി എന്ന രാഗത്തിന്റെ ഭാവം അടിമുടി തുടിച്ചുനില്‍ക്കുന്ന ഈ ഗാനത്തെ തികച്ചും കേരളീയമായ ഒരു അനുഭവമാക്കി മാറ്റിയെടുത്തു ജയചന്ദ്രന്റെ ആലാപനം. ഗോപീസുന്ദര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക 1983 ലെ മനോഹരമായ ആ യുഗ്മഗാനം തന്നെ ജയചന്ദ്രനും വാണി ജയറാമും ചേര്‍ന്ന് പാടിയ ഓലഞ്ഞാലി കുരുവീ. ഇതേ ഗോപീസുന്ദറിനെ ''അപ്പങ്ങള്‍ എമ്പാടും'' എന്ന പാട്ടിന്റെ പേരില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് ഒരിക്കല്‍ ജയചന്ദ്രന്‍ . ''പറയാനുള്ളത് അപ്പപ്പോള്‍ ആരുടേയും മുഖത്തു നോക്കി പറയുക എന്നതാണ് എന്റെ ശീലം. മനസ്സില്‍ തോന്നിയ അനിഷ്ടം ഞാന്‍ പ്രകടിപ്പിച്ചിരിക്കാം . പക്ഷെ മൗലികവും മനോഹരവുമായ മെലഡികളും തനിക്കു വഴങ്ങും എന്ന് പിന്നീടു ഗോപി തെളിയിച്ചപ്പോള്‍ അയാളെ അഭിനന്ദിക്കാനും ഞാന്‍ മടിച്ചിട്ടില്ല.'' ജയചന്ദ്രന്‍ പറയുന്നു.
സ്റ്റീഫന്‍ ദേവസ്സി ആണ് ജയചന്ദ്രന്റെ വിമര്‍ശനം ഏറ്റു വാങ്ങിയ മറ്റൊരു സംഗീത സംവിധായകന്‍. റിയാലിറ്റി ഷോകളിലും സ്‌റ്റേജ് ഷോകളിലും പഴയ ക്ലാസിക് ഗാനങ്ങള്‍ വികലമായി പുന:സൃഷ്ടിക്കുന്നു എന്നായിരുന്നു സ്റ്റീഫനെക്കുറിച്ച് അദ്ദേഹത്തിനുള്ള പരാതി. ഇതേ സ്റ്റീഫന്‍ സിനിമക്ക് വേണ്ടി സൃഷ്ടിച്ച ഏറ്റവും ഹൃദയഹാരിയായ ഗാനത്തിന് ശബ്ദം നല്കിയത് ജയചന്ദ്രന്‍ ആണെന്ന് കൂടി അറിയുക, ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലെ ''തിങ്കള്‍ നിലാവില്‍ മഞ്ഞള്‍ നിലാവില്‍.'' ബിജിബാലിന്റെയും പ്രിയ ഗായകരില്‍ ഒരാളാണ് ജയചന്ദ്രന്‍. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ''പ്രേമിക്കുമ്പോള്‍ നീയും ഞാനും'' എന്ന ഗാനം ജയചന്ദ്രന്റെതല്ലാതെ മറ്റേതെങ്കിലും ശബ്ദത്തില്‍ സങ്കല്‍പ്പിക്കാന്‍ ആകുമോ നമുക്ക്? ''നമ്മള്‍ സൃഷ്ടിക്കുന്ന ഈണത്തെ നാം പോലും പ്രതീക്ഷിക്കാത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ള പാട്ടുകാരനാണ് ജയേട്ടന്‍.
ഏതു സാധാരണ ഈണത്തെയും അത്യസാധാരണ ഗാനമാക്കി മാറ്റാന്‍ കഴിയും അദ്ദേഹത്തിന് '' പുത്തന്‍ സംഗീത സംവിധായകര്‍ക്കിടയില്‍ ഡിജിറ്റല്‍ സാങ്കേതികത്തികവും മെലഡിയും ഒത്തിണങ്ങിയ ഗാനങ്ങള്‍ ഒട്ടേറെ സമ്മാനിച്ചിട്ടുള്ള അഫ്‌സല്‍ യൂസഫ് പറയുന്നു. യൂസഫിന്റെ 'ഇല്ലാത്താലം കൈമാറുമ്പോള്‍' എന്ന പ്രണയഗാനത്തെ വേറിട്ട ശ്രവ്യാനുഭവമാക്കി മാറ്റി, ജയചന്ദ്രന്റെ ആലാപനം.
പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുമ്പോഴും പഴമയുടെ മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ മറക്കുന്നില്ല ജയചന്ദ്രന്‍. ''പണ്ടൊക്കെ പാട്ടുകള്‍ റേഡിയോയില്‍ കേട്ട് ഇഷ്ടപ്പെട്ടു വേണം ജനങ്ങള്‍ ഏറ്റെടുക്കാന്‍. റേഡിയോ പോലും അപൂര്‍വതയായിരുന്ന കാലമായിരുന്നു എന്ന് ഓര്‍ക്കണം. ഇന്ന് പാട്ട് ഹിറ്റാക്കാന്‍ യുട്യൂബിന്റേയും സോഷ്യല്‍ മീഡിയയുടെയുമൊക്കെ സഹായമുണ്ട്. ഓലഞ്ഞാലി കുരുവീ എന്ന പാട്ടിന് യൂട്യൂബില്‍ 20 ലക്ഷത്തോളം ഹിറ്റ് കിട്ടി എന്ന് ആരോ പറഞ്ഞറിഞ്ഞത് അടുത്തിടെയാണ്. കംപ്യൂട്ടറുമായി വലിയ ബന്ധമില്ലാത്തത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കാറില്ല ഞാന്‍. പാട്ട് പാടിക്കഴിഞ്ഞാല്‍ അതിനെ അതിന്റെ പാട്ടിനു വിടുക എന്നതാണ് എന്റെ നയം. ചിലത് ജനങ്ങള്‍ സ്വീകരിക്കും; ചിലത് അവഗണിച്ചെന്നും വരാം. എന്റെ പാട്ടുകള്‍ ഹിറ്റായിട്ടുണ്ടെങ്കില്‍ അത് ദൈവാനുഗ്രഹം കൊണ്ട് കൂടിയാണെന്ന് വിശ്വസിക്കുന്നു ഞാന്‍..'' ജയചന്ദ്രന്റെ വാക്കുകള്‍.
No comments:
Post a Comment