Monday, 24 November 2014

എത്രയും പ്രിയപ്പെട്ട പൂമ്പാറ്റക്കുഞ്ഞിന്‌

എത്രയും പ്രിയപ്പെട്ട പൂമ്പാറ്റക്കുഞ്ഞിന്‌


നിന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരു വല്യമ്മയുടേതാണ് ഈ കത്ത്. നിന്റെ പേരെന്താണെന്നോ ആ മുഖം എങ്ങനെയിരിക്കുമെന്നോ എനിക്കറിയില്ല. നിന്റെ അച്ഛനമ്മമാരെയോ വീട്ടുകാരെയോ എനിക്കറിയില്ല. പക്ഷേ, നിന്നെപ്പോലെയൊരു പൂമ്പാറ്റക്കുഞ്ഞ് എനിക്കുമുള്ളതു കൊണ്ടാവാം നീ കടന്നു പോകുന്നത് എന്തൊക്കെ മുള്ളുവഴികളിലൂടെയാണെന്ന് എനിക്ക് നന്നായി മനസ്സിലാവുന്നുണ്ട്.
നിന്നെ ആദ്യമായി സ്‌കൂളില്‍ അയച്ച ദിവസം നിന്റെ അമ്മയും അച്ഛനും എത്ര സന്തോഷിച്ചിരിക്കും. പുതുമണം മാറാത്ത യൂണിഫോമും പുതിയ ബാഗും കുടയും പുസ്തകങ്ങളുമായി സ്‌കൂളില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ നീ കരഞ്ഞിരുന്നോ? അതോ ആവേശത്തോടെ ചാടിപ്പുറപ്പെട്ടിരുന്നോ? ഇങ്ങനെ കരയേണ്ടി വരുമെന്ന് അന്ന് നീയും നിന്റെ അച്ഛനമ്മമാരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല.
സ്‌കൂളിലും അവിടേക്കുള്ള യാത്രയിലും കണ്ടു മുട്ടിയ എല്ലാവരും നിന്റെ അച്ഛനേയും അമ്മയേയും പോലെ നിന്നോട് സ്‌നേഹമുള്ളവരാണെന്നാവും നീ കരുതിയിട്ടുണ്ടാവുക. എല്ലാ പൂമ്പാറ്റക്കുഞ്ഞുങ്ങളും അങ്ങനെ തന്നെയാണ് വിചാരിക്കുക. സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളൊക്കെ നിനക്ക് ചേച്ചിയും ചേട്ടനുമായിരിക്കും. അവരെ പേടിച്ച് കണ്ണുകള്‍ ഇറുക്കി അടയ്‌ക്കേണ്ടി വരുമെന്ന് അന്ന് നീ ഒരിക്കലും വിചാരിച്ചിരിക്കില്ല.

എത്ര പെട്ടന്നാണ് കാര്യങ്ങളൊക്ക തലകുത്തി മറിഞ്ഞത്. പൂമ്പാറ്റകളെ ചിറകു മുറിച്ച് കനലിലിട്ട് ചുട്ടു തിന്നുന്ന ചേട്ടന്മാരും ഈ ലോകത്തുണ്ടെന്ന്, എന്റെ കുഞ്ഞേ, നീ തിരിച്ചറിഞ്ഞോ? ആ കനല്‍ത്തീയില്‍ എരിയുമ്പോള്‍ നിനക്ക് എത്ര വേദനിച്ചിരിക്കും? ഒരു ഉറുമ്പ് കടിച്ചാല്‍ പോലും ചിണുങ്ങിക്കരയുന്ന നീ ആ വേദന എങ്ങനെ സഹിച്ചു കാണും? എത്ര പേടിച്ചു കാണും നീ അപ്പോള്‍. ഓര്‍ക്കാനേ വയ്യ. നാലര വയസ്സില്‍ നിനക്ക് ഇതിന്റെയൊന്നും അര്‍ഥം മനസ്സിലാവില്ല എന്നതു മാത്രമാണ് ആശ്വാസം. ശരീരത്തിന്റെ വേദനയും മനസ്സിലെ പേടിയും മാത്രമേ നിന്നില്‍ അവശേഷിക്കൂ. പതുക്കെ പതുക്കെ അത് മാറ്റാന്‍ നിന്റെ അച്ഛനമ്മമാര്‍ക്ക് കഴിയും. നീ വളര്‍ന്ന വലുതാവുമ്പോള്‍ ഇതൊന്നും നിന്റെ ഓര്‍മ്മയില്‍ പോലും ഉണ്ടാകാതിരിക്കട്ടെ.

എന്നെ പേടിപ്പിക്കുന്നത് അതൊന്നുമല്ല. പൂമ്പാറ്റകളുടെ ചിറകുമുറിച്ച് കളിക്കുന്ന ചേട്ടന്മാരെ പിന്തുണയ്ക്കാന്‍ ചില വലിയ പുലികള്‍ രംഗത്തുണ്ട് എന്നതാണ്. നിന്റെ കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി പുരട്ടുന്നതിനു പകരം വിഷം തേയ്ക്കുന്നവര്‍. നിന്റെ കളികളില്‍ നിനക്ക് ഒരിക്കലും മനസ്സിലാക്കാനാവാത്ത അശ്ലീലം കാണുന്നവര്‍. നീ ഉറക്കെ കരയാത്തത് കുറ്റമാണെന്ന് പറയുന്നവര്‍. നീ കരയുന്നത് കണ്ട് വഷളത്തരം നിറഞ്ഞ ചിരി ചിരിക്കുന്നവര്‍.
ഏതു കോടതിയിലും കുഞ്ഞുങ്ങളുടെ മൊഴിക്ക് വലിയ വിലയുണ്ടെന്നാണ് ഞാന്‍ അറിഞ്ഞിരുന്നത്. കാരണം അവര്‍ക്ക് കള്ളം പറയാന്‍ അറിയില്ല എന്നതു തന്നെ. എന്നിട്ടും നീ പറഞ്ഞതും തിരിച്ചറിഞ്ഞതും ഒന്നും ആരും കണക്കിലെടുത്തില്ല. മുതിര്‍ന്നവരുടെ അവസാനിക്കാത്ത കള്ളക്കളികളുടെ ഇരയായിപ്പോയി പാവം നീ. അവരുടെ കൂട്ടത്തില്‍ വെള്ളക്കുപ്പായക്കാര്‍ മാത്രമല്ല കാക്കിക്കുപ്പായക്കാരും ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ പേടി കൂടുന്നു. ഏതു കൊടുങ്കാട്ടിലും നിന്നെപ്പോലുള്ള പൂമ്പാറ്റക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അവരുണ്ടാകുമെന്നല്ലേ ഞങ്ങള്‍ അമ്മമാര്‍ വിശ്വസിച്ചിരുന്നത്. നിന്റെ മുറിവുകളില്‍ ഉപ്പും മുളകും തേച്ച് അവര്‍ രസിക്കുമ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ടവര്‍ ഒന്നും മിണ്ടുന്നതേയില്ല എന്നത് എന്നെ കൂടുതല്‍ പേടിപ്പിക്കുന്നു. അവര്‍ക്ക് സംരക്ഷിക്കാന്‍ താത്പര്യങ്ങള്‍ ഒരുപാടുണ്ട്. പൊതിഞ്ഞു വയ്ക്കാന്‍ പലതുമുണ്ട്. നേടാന്‍ പലതുമുണ്ട്. എന്റെ കുഞ്ഞേ നിനക്ക് അതൊക്കെ എങ്ങനെ മനസ്സിലാവാന്‍. നീ കുഞ്ഞല്ലേ.

നാലര വയസ്സുകാരിയില്‍ കാമം കണ്ടെത്തുന്ന കഴുകന്മാരുള്ള നാട്ടില്‍ ജീവിക്കേണ്ടി വന്നതില്‍ ഞങ്ങള്‍ അമ്മമാര്‍ ലജ്ജിക്കുന്നു. അവരും ഏതെങ്കിലും ഒരു അമ്മയുടെ വയറ്റില്‍ നിന്ന് ജനിച്ചവരല്ലേ. പൂമ്പാറ്റക്കുഞ്ഞുങ്ങളുടെ ചിറകരിയുന്ന ദുഷ്ടന്മാര്‍ക്കെതിരെ ഞങ്ങള്‍ അമ്മമാര്‍ എങ്കിലും പ്രതികരിച്ചില്ലെങ്കില്‍ വേറെയാര് പ്രതികരിക്കും? ഇപ്പോഴും മിണ്ടാതെയിരുന്നാല്‍ പിന്നെ അമ്മ എന്ന പേരിന് ഞങ്ങള്‍ അര്‍ഹരല്ലാതെയായിപ്പോവും.
അതുകൊണ്ട് എന്റെ പൂമ്പാറ്റക്കുട്ടി കരയണ്ട. ഈ നാട്് എന്നും ഇങ്ങനെ തന്നെയാവുമെന്ന് പേടിക്കുകയും വേണ്ട. നിന്നെപ്പോലുള്ള നൂറായിരം കുഞ്ഞുങ്ങളുടെ കണ്ണീരില്‍ നിന്ന് വലിയൊരു തീ ഉയര്‍ന്നു വരിക തന്നെ ചെയ്യും. ആ തീയില്‍ എല്ലാ കഴുകന്മാരും എരിഞ്ഞു തീരും. ആ ദിവസം വരെയ്ക്കും നിന്റെ ചുണ്ടിലെ പുഞ്ചിരി കൈമോശം വരാതെ നീ കാത്തു വയ്ക്കുക. നിനക്ക് നല്ലതേ വരൂ.

(കോഴിക്കോട് നാദാപുരത്ത് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പീഡനത്തിന് ഇരയായ എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക്)

No comments:

Post a Comment