Tuesday, 16 February 2016

എനിക്കെന്നും എന്റെ അച്‌ഛന്റെ വഴക്കാളി ആയാല്‍ മതി

തകര്‍ത്ത്‌ പെയ്യുന്ന പുതുമഴയില്‍ നനഞ്ഞ്‌ ആലിപ്പഴം പെറുക്കി എന്റെ കൈയ്യില്‍ വച്ച്‌ തരുമ്പോള്‍ ആദ്യമായി ഞാനറിഞ്ഞു. ആ മഴക്കട്ടയ്‌ക്ക് തണുപ്പാണെന്ന്‌. അമ്മയുടെ ചോറുരളകളോട്‌ മുഖം തിരിക്കുമ്പോള്‍ ആ പാത്രവും വാങ്ങി എന്നെയും എടുത്ത്‌ മണിക്കൂറുകള്‍ നടന്ന്‌ ചോറു കഴിപ്പിക്കുമ്പോള്‍ ഞാനറിഞ്ഞു അച്‌ഛനെന്ന ക്ഷമിക്കുന്ന സ്‌നേഹം. അക്ഷരങ്ങള്‍ പഠിക്കും മുമ്പ്‌ എനിക്കൊപ്പം ഇരുന്ന്‌ കളിവള്ളം ഉണ്ടാക്കി... വള്ളം മുങ്ങുമ്പോള്‍ എന്നെപ്പോലെ സങ്കടപ്പെട്ടും..അന്നെനിക്കുതോന്നി അച്‌ഛന്‍ എന്നെ പോലെ കുഞ്ഞാണെന്ന്‌..

ആ നെഞ്ചില്‍ കിടത്തി ഉറക്കിയപ്പോള്‍ ഞാനറിഞ്ഞു എന്റെ ഹൃദയമിടിക്കുന്നത്‌ അച്‌ഛന്റെ പേലെ തന്നെയെന്ന്‌. കുഞ്ഞ്‌ ബാഗും കുടയുമായി എന്നെ തോളിലിരുത്തി ആദ്യമായി നഴ്‌സറിയില്‍ ചേര്‍ക്കുമ്പോള്‍ ഞാന്‍ കരയുന്നത്‌ കേട്ട്‌ പോകാതെ അന്നു വൈകിട്ട്‌ വരെ നിന്ന്‌ എന്നെ തിരിച്ചുകൂട്ടിപ്പോകുമ്പോള്‍ അച്‌ഛന്റെ മുഖത്തും സങ്കടമായിരുന്നോ? ഇല്ല ഇനി ഞാന്‍ കരയില്ലകേട്ടോ അച്‌ഛന്‍ കേള്‍ക്കാതെ എന്റെ മനസില്‍ പറഞ്ഞ്‌ ആ കൈയില്‍ മുറുക്കെ പിടിച്ച്‌ മുന്‍പോട്ടു നടന്നു. പിന്നെ ഒരിക്കലും കരഞ്ഞിട്ടില്ല. അച്‌ഛന്‌ സങ്കടം വന്നാലോ? അമ്മയുടെ രാത്രി ക്ലാസ്സുകള്‍ കഴിഞ്ഞ്‌ എന്റെ കൈ പിടിച്ച്‌ പറമ്പിലൂടെ നടന്ന്‌ മിന്നാമിനുങ്ങുകളെ പിടിച്ചു തരുന്നത്‌, ആ മിന്നാമിനുങ്ങുകളെ നമ്മളൊരു ചില്ലു കുപ്പിയിലാക്കി നമ്മുടെ മുറിയില്‍ വെക്കുന്നത്‌ ഓര്‍ക്കുന്നുണ്ടൊ? ലൈറ്റ്‌ അണച്ച്‌ കഴിഞ്ഞ്‌ മിന്നമിനുങ്ങുകളെ നോക്കി കഥപറഞ്ഞു തരുമ്പോള്‍ ഞാനറിയാതെ ഉറങ്ങി പോകും അന്ന്‌ തോന്നി ജീവിതത്തിന്‌ എന്നും തിളക്കാമായിരിക്കുമെന്ന്‌.
അമ്മ വൈകിട്ട്‌ നമുക്ക്‌ വേണ്ടി ചോറുണ്ടാകുമ്പോള്‍ ഞങ്ങള്‍ മക്കളേയും കൂട്ടി മുറ്റത്ത്‌ വന്ന്‌ നക്ഷത്രങ്ങളെ കാണിച്ചു തരുമ്പോള്‍. നോക്കി നില്‍ക്കുന്നതിനിടക്ക്‌ മരിച്ചുവിഴുന്ന നക്ഷത്രങ്ങള്‍...രാത്രില്‍ തിളങ്ങുന്ന ലൈറ്റിട്ട്‌ പോകുന്ന കുഞ്ഞ്‌ വിമാനങ്ങള്‍... അത്ര മനോഹരമായ രാത്രികള്‍ പിന്നെ എന്റെ ജീവിതത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. കുളിക്കാന്‍ മടിച്ച്‌ അമ്മയുടെ കൈവെട്ടിച്ച ഓടുമ്പോള്‍ സൂത്രത്തില്‍ എന്നെ കുളിപ്പിക്കുന്നത്‌. ഇനിയൊരിക്കലും, ഇല്ല ഇന്ന്‌ ഞാനൊരുപാട്‌ വളര്‍ന്നുപോയി. വലുതായപ്പോള്‍ ഓരോ യാത്രകളിലും എനിക്കായി ഒരോ പുസ്‌തകങ്ങള്‍ കരുതുമ്പോള്‍ അത്‌ വയിക്കാന്‍ ശീലിപ്പിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞില്ല. അച്‌ഛന്‍ പഠിപ്പിച്ച വായന എനിക്ക്‌ ഇത്രത്തോളം ഉപകാരമാകുമെന്ന്‌. പേനകള്‍ സമ്മാനമായി തന്ന്‌ എഴുത്തിനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചപ്പോള്‍ അറിഞ്ഞില്ല എഴുത്താകുമെന്റെ ജീവിതമെന്ന്‌. പക്ഷേ എനിക്കായി ഓരോ കുഞ്ഞ്‌ കാര്യവും ചെയ്യുമ്പോള്‍ എന്റെ അച്‌ഛന്‍ എല്ലാം അറിഞ്ഞിരുന്നു. ഇല്ല എത്ര പറഞ്ഞലും തീരില്ല മതിയാവില്ല ആ സ്‌നേഹതണലിനെ കുറിച്ച്‌...

No comments:

Post a Comment