Tuesday 8 March 2016

കാവല്‍മാടത്തില്‍ ഒരു ദിനം

കാവല്‍മാടത്തില്‍ ഒരു ദിനം

ജീവിതത്തിലെ അവിസ്മരണീയമായ ഏതാനും മണിക്കൂറുകള്‍...
മഴവില്ലഴകിന്റെ വശ്യതയും, മലങ്കാറ്റിന്റെ വന്യതയും മലനിരകളുടെ മാസ്മരിക സൗന്ദര്യവും തീര്‍ക്കുന്നൊരു  ഏറുമാടം.
കൃഷിയിടത്തിലേക്ക് വിളിക്കാതെ വിരുന്നെത്തുന്ന, അദ്ധ്വാനം മുഴുവന്‍ നിമിഷംനേരം കൊണ്ട് ഇല്ലാതാക്കുന്ന കാട്ടാനകളെയും കാട്ടുപന്നികളെയും മറ്റ് മൃഗങ്ങളെയും  തുരത്താന്‍ കാവലിരിക്കാനുണ്ടാക്കിയ ഏറുമാടത്തില്‍ കൃഷിക്കാരനായ പഴയ സഹപാഠിക്കൊപ്പം ചിലവിട്ട ദിനത്തിന്റെ ഓര്‍മ്മകള്‍.... 

മാത്തപ്പന്‍ എന്ന് ഞങ്ങള്‍ നാട്ടുകാര്‍ വിളിക്കുന്ന ആറുതൊട്ടിയില്‍ മാത്യൂസും സുഹൃത്ത് മൂക്കിലിക്കാട്ട് സിബിയും  ചേര്‍ന്ന് നിര്‍മിച്ച ഈ എറുമാടം കോട്ടയം ജില്ലയിലെ എരുമേലി എരുത്വാപ്പുഴയ്ക്കു സമീപം  കീരിത്തോട്ടിലാണ്. മലങ്കാറ്റു വീശുമ്പോള്‍ സാധാരണ ഏറുമാടങ്ങള്‍ നിലംപതിക്കുമെന്നതിനാല്‍ ഇവര്‍ ഇവരുടെ ഭൂമിയില്‍ അടുത്തടുത്ത് നിന്നിരുന്ന റബര്‍ മരങ്ങള്‍ നിശ്ചിത ഉയരത്തില്‍ മുറിച്ചുനീക്കിയശേഷം ഇതിനു മുകളിലായാണ് ഏറുമാടം ഉറപ്പിച്ചത്. ചാഞ്ഞ പാതയാണ് ഏറുമാടത്തിലേക്ക്്. കൃഷി സംരക്ഷിക്കാന്‍ ഒരിടമെന്നതിനപ്പുറം ഏറുമാടത്തിന്റെ നിര്‍മ്മാണ സമയത്ത് മറ്റൊന്നും ഇവരുടെ മനസിലുണ്ടായിരുന്നില്ല. എന്നാല്‍ ഏറുമാടം തീര്‍ക്കുന്നത് വശ്യസുന്ദരമായ കാഴ്കളാണെന്നതിനാല്‍ സന്ദര്‍ശകരും ഏറി.

ഈ ഏറുമാടത്തിലിരുന്നാല്‍ ശബരിമല വനവും പീരുമേടിന് സമീപമുള്ള പരുന്തുംപാറയും കോരുത്തോട് ഗ്രാമവും സുഖവാസകേന്ദ്രമായ കുട്ടിക്കാനവുമൊക്കെ കാണാം. മലനിരകളുടെ ഇടയില്‍ തീര്‍ത്ത ഏറുമാടത്തെ മൂടി ഇടയ്ക്ക് കടുത്തമഞ്ഞ് പരക്കും. കാറ്റ് ഒച്ചയിട്ടു കടന്നു പോകും. ഏറുമാടത്തിലേക്ക് തൂവാനം വീശുമ്പോള്‍ മാരിവില്‍ വിടരും. ഉച്ചത്തില്‍ കൂകി വിളിച്ചാല്‍ മലനിരകള്‍ മറുപടിയോതും.
രാത്രിയാണ്് കാട്ടുപന്നികളും കാട്ടാനകളും കൂട്ടമായി കൃഷിഭൂമിയിലെത്തി വിളകള്‍ നശിപ്പിക്കുന്നത്. ഏറുമാടം സ്ഥാപിച്ചതോടെ ഇവിടെനിന്നുമുള്ള ശബ്ദവും വെളിച്ചവുംമൂലം കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്ക് എത്താറില്ല. രാത്രികാലത്ത് ഏറുമാടത്തില്‍ കാവലിരുപ്പിന് ഊഴമാണ്. പുലരുംവരെ ഇതിനുള്ളില്‍ ആളുകള്‍ ഊഴമനുസരിച്ച് ഉറങ്ങാതിരിക്കും.ഭക്ഷണം പാചകം ചെയ്യാനുള്ള സംവിധാനവും മാടത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.

ആറേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇരുവരും മരച്ചീനി കൃഷി ആരംഭിച്ചത്. പതിനായിരത്തോളം മൂട് മരച്ചീനിക്ക് പുറമെ, ഇഞ്ചി, ചേന, ചേമ്പ്, പച്ചക്കറികള്‍ എല്ലാം ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. മരച്ചീനി വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. അഭ്യസ്ഥ വിദ്യരായ പുതുതലമുറ വൈറ്റ്‌കോളര്‍ ജോലി തേടിനടക്കുന്ന കാലഘട്ടത്തില്‍ മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്ന ഇവര്‍ നാടിന് തന്നെ മാതൃകയാവുകയാണ്. ഫ്രീലാന്‍ഡ്‌സ് വീഡിയോഗ്രാഫറായ മാത്യൂസ് ഇപ്പോള്‍ മുഴുവന്‍ സമയവും കൃഷിയിടത്തില്‍ തന്നെയാണ്.
മാത്യൂസിന്റെ പിതാവ് ജയിംസിന്റെ അച്ഛന്‍ പണ്ടുകാലത്ത് കാട്ടുമൃഗങ്ങളെ തുരത്താന്‍ പടക്കം കെട്ടി ഏറുമാടത്തില്‍ താമസിച്ചിരുന്നു. ജയിംസ് മാത്യൂസുമായി പലപ്പോഴും പങ്കുവച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മാത്യൂസും സിബിയും ഒത്തുചേര്‍ന്ന് പുതിയ ഏറുമാടം നിര്‍മിച്ചത്.










 

No comments:

Post a Comment