Monday, 22 February 2016

ഒന്നിച്ചു കഴിയാന്‍ എന്തിന് കെട്ടണം?

ഒന്നിച്ചു കഴിയാന്‍ എന്തിന് കെട്ടണം?

LivingTogether
പ്രണയത്തിന്റെ പൂര്‍ണതയ്ക്ക് വിവാഹം ആവശ്യമില്ലെന്ന് പറയുന്നവര്‍... ഒരുമിച്ചിരിക്കാനും വേര്‍പിരിയാനും നിയമത്തിന്റെ ചങ്ങലകള്‍ വേണ്ടെന്ന് ചിന്തിക്കുന്നവര്‍... മനസ്സിനും ശരീരത്തിനും ഒന്നുചേരാന്‍ പരസ്പര വിശ്വാസം മാത്രം മതിയെന്ന പക്ഷക്കാര്‍... സ്ത്രീയും പുരുഷനും തുല്യരാണെന്ന് വാദിക്കുന്നവര്‍... നിലവിലുള്ള വിവാഹ സമ്പ്രദായത്തെ മാറ്റിനിര്‍ത്തി, പ്രണയത്തോടെ പരസ്പരം ഉള്‍ക്കൊള്ളാനാവുമെന്ന വിശ്വാസത്തോടെ രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുന്നു... അത് സ്ത്രീയും പുരുഷനുമാകാം... സ്ത്രീയും സ്ത്രീയുമാകാം... പുരുഷനും പുരുഷനുമാകും... സ്ത്രീയോടും പുരുഷനുമൊപ്പം മൂന്നാം ലിംഗക്കാരുമാകാം... അതാണ് 'ലിവിങ് ടുഗദര്‍'. 'ഒരുമിച്ച് ജീവിക്കാന്‍ വിവാഹത്തിന്റെ ചട്ടക്കൂട് നിര്‍ബന്ധമോ...?' -ഈ ചോദ്യം നാളുകളേറെയായി ഉയര്‍ന്നുകേള്‍ക്കുന്നു. നിരവധി ചര്‍ച്ചകളും നടന്നു കഴിഞ്ഞു. പക്ഷേ, ചോദ്യമിപ്പോഴും ചോദ്യമായിത്തന്നെ അവശേഷിക്കുന്നു.

വിവാഹം പവിത്രമായി കാണുന്ന ഭാരതീയ സമൂഹം 'ലിവിങ് ടുഗദര്‍' ബന്ധത്തെ എപ്പോഴും സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. അവിഹിതത്തിന്റെ സംശയക്കണ്ണുകള്‍ ഈ ബന്ധത്തെ എപ്പോഴും പിന്‍തുടരുന്നു. ഇതിനെ ആരോഗ്യകരമായ തിരഞ്ഞെടുപ്പായി വീക്ഷിക്കുന്നവരുമുണ്ട്.

വിവാഹം പവിത്രമായി കരുതുന്ന സമൂഹത്തില്‍ വിവാഹ മോചനങ്ങളും വര്‍ധിക്കുകയാണ്. നിയമത്തിന്റെ പിന്തുണയോടെ സമൂഹം സാക്ഷിയായി നിശ്ചയിക്കപ്പെട്ട സമയത്തില്‍ വിവാഹവും വേര്‍പിരിയലും... ഇതിനേക്കാള്‍ ഭേദം നിയമത്തിന്റെ ചങ്ങലയില്ലാതെ വ്യക്തികള്‍ പരസ്പര വിശ്വാസത്തില്‍ ഒന്നിക്കുകയും മടുക്കുമ്പോള്‍ വേര്‍പിരിയുകയും ചെയ്യുകയാണെന്ന് ഇവര്‍ പറയുന്നു.
LivingTogetherവഴി പിരിയല്‍
ഏതൊരു ബന്ധം തകരുമ്പോഴുമുണ്ടാകുന്ന മാനസിക പിരിമുറുക്കം ലിവിങ് ടുഗദറിന്റെ തകര്‍ച്ചയിലുമുണ്ടാകും. പങ്കാളി എല്ലാം അവസാനിപ്പിച്ച് പെട്ടെന്ന് യാത്രയാവുമ്പോള്‍ ഭൂരിഭാഗം പെണ്‍കുട്ടികളും തളര്‍ന്നുപോവുകയാണ് പതിവ്. പലപ്പോഴും വഴിപിരിയലിന്റെ കാരണം പങ്കാളിയെ ബോധ്യപ്പെടുത്താനാവാതെ പിരിയുമ്പോഴാണ് വീപരീതഫലം ഉണ്ടാക്കുന്നത്. ബന്ധത്തില്‍ കുട്ടികളുണ്ടെങ്കില്‍ അവരുടെ സ്ഥിതിയും മോശമാകും. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് പോയേക്കാവുന്ന പ്രണയത്തിന്റെ ഗാരന്റിയേ ലിവിങ് ടുഗദറിനുമുള്ളൂവെന്ന് ശരിവെയ്ക്കുന്ന രീതിയില്‍ നിരവധി ദമ്പതിമാര്‍ വഴിപിരിയുന്നുണ്ട്.

ഹ്യൂമന്‍ വെല്‍നെസ് സ്റ്റഡി സെന്റര്‍
ലിവിങ് ടുഗദര്‍ ബന്ധത്തിലുള്ളവര്‍ക്കായി 'ഹ്യൂമന്‍ വെല്‍നെസ് സ്റ്റഡി സെന്റര്‍' പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടര വര്‍ഷത്തോളമായി സോഷ്യല്‍ മാധ്യമങ്ങളിലുമിത് സജീവമാണ്. കേരളത്തിനകത്ത് 1000-േത്താളം അംഗങ്ങളാണിതിലുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ കൂട്ടായ്മകളും സംഘടിപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായി കൂട്ടായ്മകള്‍ സംഘടിപ്പിക്കാനാണ് ഇവരുടെ ശ്രമം.
LivingTogetherകമ്മിറ്റഡ് ഫോബിയ
നിയമപരമായി ബന്ധത്തിലേര്‍പ്പെടാന്‍ യുവാക്കള്‍ക്ക് ഭയം വര്‍ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പരസ്പരമുള്ള വിധേയത്വം തനിച്ച് നില്‍ക്കുമ്പോഴുള്ള വ്യക്തിത്വത്തെ നഷ്ടപ്പെടുത്തുമെന്ന് ഇക്കൂട്ടര്‍ ഭയക്കുന്നു. ഉത്തരവാദിത്ത്വങ്ങളും കടമകളും തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും ഇവര്‍ കരുതുന്നു. ഇത്തരം ഭയത്തെയാണ് 'കമ്മിറ്റഡ് ഫോബിയ' എന്ന് വിളിക്കുന്നത്. വിവാഹത്തോട് താത്പര്യമുള്ളവര്‍ക്കടക്കം എല്ലാവരിലും കമ്മിറ്റഡ് ഫോബിയ ഏറിയും കുറഞ്ഞുമുണ്ട്. പക്ഷേ, ഇത് രൂക്ഷമായാല്‍ വിവാഹത്തോട് ഇക്കൂട്ടര്‍ വിമുഖത പ്രകടിപ്പിക്കും. ഇത്തരം ഭയത്തോടെ വിവാഹത്തിലേര്‍പ്പെട്ടാല്‍ അതും വിജയകരമായി മുന്നോട്ട് പോകണമെന്നില്ല. ഇത്തരക്കാര്‍ക്ക് ഇതേ മനോഭാവത്തിലുള്ള കൂട്ടാളിയാവും അനുയോജ്യരാവുക. ഈ മനോഭാവവും പലപ്പോഴും ലിവിങ് ടുഗദര്‍ ബന്ധത്തിലേക്കെത്തിക്കാറുണ്ട്.

ലിവിങ് ടുഗദറിന് യുവത്വം പുതിയ മാനം നല്‍കുന്നുണ്ട്. വിവാഹത്തിന് മുമ്പുള്ള പരീക്ഷണം കൂടിയായി ലിവിങ് ടുഗദര്‍ റിലേഷന്‍ മാറിക്കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ തോന്നുന്ന 'ക്രഷ്' പ്രണയത്തിലേക്ക് വഴി മാറുമ്പോള്‍ ഇത് നിലനില്‍ക്കുമോ ഇല്ലയോ എന്ന സംശയവും യുവത്വത്തിന് ഇന്ന് വര്‍ധിച്ചിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉള്‍ക്കൊള്ളാന്‍ മറുവശത്തുള്ളയാള്‍ക്ക് കഴിയുമോയെന്ന് മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും ലിവിങ് ടുഗദര്‍ മാറുന്നു.
ഫോണിങ്ങും ഡേറ്റിങ്ങും മടുത്തില്ലെങ്കില്‍ മൂന്നാം ഘട്ടമായി അവര്‍ ലിവിങ് ടുഗദര്‍ തിരഞ്ഞെടുക്കുന്നു. ഒരു മാസമോ ഒരു വര്‍ഷമോ ഒന്നിച്ച് ജീവിച്ച് പരസ്പരം മനസ്സിലാക്കുന്നുവെങ്കില്‍ വിവാഹത്തിലേക്കും അല്ലാത്ത പക്ഷം വേര്‍പിരിയലിലേക്കും എത്തുന്നു.
LivingTogether
ലിവിങ് ടുഗദര്‍ തിരഞ്ഞെടുപ്പ്
ബന്ധങ്ങളുടെ ശിഥിലതയെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ലിവിങ് ടുഗദര്‍ ബന്ധം തിരഞ്ഞെടുക്കുന്നവര്‍. മതവും ജാതിയും ചുറ്റുപിണഞ്ഞ് കിടക്കുന്ന വിവാഹത്തോട് മുഖം തിരിക്കാന്‍ ഇവര്‍ സധൈര്യം മുന്നോട്ട് വരുന്നു. പരസ്പരം ഇഷ്ടപ്പെട്ടാല്‍ മതത്തിന്റേയോ നിറത്തിന്റെയോ പ്രായത്തിന്റെയോ മതിലുകള്‍ പണിയാതെ ഇവര്‍ ഒരുമിക്കുന്നു.

ആദ്യകാലങ്ങളില്‍ സൗഹൃദത്തിനൊപ്പം വഴിമാറിയ പ്രണയങ്ങളായിരുന്നു ലിവിങ് ടുഗദര്‍ ബന്ധത്തിന് അടിത്തറയായത്. എന്നാലിപ്പോള്‍ ലിവിങ് ടുഗദര്‍ ബന്ധവും അറേഞ്ചേഡ് ആയിരിക്കുന്നു.
വിവാഹത്തിനായി അനുയോജ്യരെ തേടുന്നത് പോലെ ഇന്ന് ലിവിങ് ടുഗദര്‍ ബന്ധത്തിന് സന്നദ്ധരായ സ്ത്രീയേയോ പുരുഷനേയോ അന്വേഷിക്കുന്നത് കേരളത്തിലും സാധാരണമാകുകയാണ്. ഇത്തരക്കാരെ സഹായിക്കാനായി പ്രത്യേകം സൈറ്റുകളും പ്രവര്‍ത്തിക്കുന്നു. മാട്രിമോണിയല്‍ സൈറ്റുകളിലേത് പോലെ പൂര്‍ണമായ പ്രൊഫൈല്‍ തയ്യാറാക്കിയാണ് 'ലിവ് ഇന്‍ റിലേഷനാ'യി വ്യക്തിയെ തിരയുന്നത്. സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് നിഷ്പ്രയാസം വ്യക്തിയെ കണ്ടെത്താം. പരസ്പരം ഇഷ്ടമായാല്‍ ഒരുമിച്ച് താമസിക്കുകയും ആവാം.
വിദേശ രാജ്യങ്ങളില്‍ ഈ രീതി സാധാരണമാണ്. കേരളത്തിലും ഇത്തരം രീതികള്‍ വളര്‍ന്നു വരികയാണ്. വിദേശീയര്‍ വിവാഹത്തോട് ആഭിമുഖ്യം പുലര്‍ത്തി ഇന്ത്യയിലെത്തുമ്പോള്‍ വൈവാഹിക ബന്ധത്തോട് മുഖം തിരിക്കുന്നവരെന്ന ആക്ഷേപം ഒരു വശത്തുണ്ടെങ്കിലും ചട്ടക്കൂടുകള്‍ക്കുള്ളില്‍ ബന്ധത്തെ തളച്ചിടാന്‍ ആഗ്രഹിക്കാത്തവരും ഇന്ത്യക്കാരിലുണ്ട്.

എന്നാല്‍, ലിവിങ് ടുഗദര്‍ ബന്ധത്തിലാണ് തങ്ങളെന്ന് സമൂഹത്തിന് മുന്നില്‍ തുറന്ന് പറയാന്‍ പലരും മടിക്കുന്നു. സമൂഹത്തിന്റെ സംശയം നിറഞ്ഞ കണ്ണുകളാണ് ഇവരുടെ ധൈര്യത്തെ ചോര്‍ത്തുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നുപോലും ഈ ബന്ധം ഇവര്‍ ഒളിച്ചുവയ്ക്കുന്നു. ഒളിച്ചുവയ്ക്കലുകളുണ്ടാക്കുന്ന സംഘര്‍ഷം ഭൂരിഭാഗം ബന്ധങ്ങളിലും വിള്ളലുണ്ടാക്കുന്നുമുണ്ട്.

സമൂഹത്തിന്റെ മുന്നില്‍ ധൈര്യത്തോടെ 'ഞങ്ങള്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു' എന്ന് പറയുന്നവരുടെ ബന്ധങ്ങള്‍ ആരോഗ്യമുള്ളതും നീണ്ടു നില്‍ക്കുന്നതുമായിരിക്കും.

ചതി
ലിവിങ് ടുഗദര്‍ ബന്ധങ്ങളിലും ചതി വില്ലനാവാറുണ്ട്. സ്വത്തും പണവും തട്ടിയെടുക്കാനുള്ള മറയായും ലിവിങ് ടുഗദറിനെ ചില തട്ടിപ്പുകാര്‍ തിരഞ്ഞെടുക്കാറുണ്ട്. പങ്കാളിയോട് തന്റെ മറ്റ് ബന്ധങ്ങള്‍ മറച്ചു വെയ്ക്കുകയും പിന്നീട് വെളിപ്പെടുത്തുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ വേര്‍പിരിയുകയും സാധാരണമാണ്.

പങ്കാളിയുടെ വിശ്വാസം നേടിയെടുത്ത് പണവും സ്വത്തും കൈക്കലാക്കി തട്ടിപ്പ് നടത്തുന്നവരുമുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ ഷൂട്ട് ചെയ്ത് ക്ലിപ്പുകള്‍ തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരും ഈ ബന്ധത്തിന്റെ മറ പിടിക്കാറുണ്ട്. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാനും ഇവര്‍ മുതിരാറുണ്ട്.
ലിവിങ് ടുഗദര്‍ ബന്ധത്തിലേക്ക് എടുത്തുചാടും മുമ്പ് വ്യക്തിയില്‍ പൂര്‍ണ വിശ്വാസം നേടിയതിന് ശേഷം മാത്രമേ എടുത്ത് ചാടാവൂ. എന്നിരുന്നാലും ഭൂരിഭാഗം ബന്ധങ്ങളും വിവാഹത്തിന് സമാനമായി കടന്നു പോവുകയാണ് ചെയ്യുന്നത്.
living togetherനിയമവശം
വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് കുറ്റമല്ലെന്ന് സുപ്രീം കോടതി നയം വ്യക്തമാക്കിക്കഴിഞ്ഞു. വിവാഹം കഴിക്കാതെ 18 വര്‍ഷം ഒരുമിച്ച് ജീവിച്ച കര്‍ണാടക സ്വദേശി നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. വിവാഹം കഴിക്കാതെ ദീര്‍ഘനാള്‍ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീയേയും പുരുഷനേയും വിവാഹിതരായി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പുരുഷനോടൊപ്പം താമസിച്ച സ്ത്രീക്ക് നിയമപരമായി സ്ത്രീകള്‍ക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ലഭിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം കഴിക്കാതെ ദീര്‍ഘകാലം ഒരുമിച്ച് ജീവിക്കുന്ന സ്ത്രീക്കും പുരുഷനും കുട്ടികള്‍ ജനിച്ചാല്‍ മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. നിയമപ്രകാരം വിവാഹിതരല്ലാത്തവര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും നിയമത്തിന്റെ പരിരക്ഷയുണ്ടായിരിക്കും. ഇത്തരം കുട്ടികളെ അവിഹിത ബന്ധത്തില്‍ ജനിച്ച കുട്ടികളായി കാണാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിതാവിന്റേയും മാതാവിന്റേയും സ്വത്തിനും കുട്ടിക്ക് അവകാശമുണ്ടായിരിക്കും.

സ്ത്രീയും പുരുഷനുംതുല്യര്‍
സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യമാണ് ലിവിങ് ടുഗദര്‍  നല്‍കുന്നത്. വിവാഹമെന്ന ചട്ടക്കൂടില്‍ സ്ത്രീ പുരുഷന് വിധേയരായിരിക്കുമെന്ന് ഇക്കൂട്ടര്‍ പറയുന്നു. സ്ത്രീക്ക് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി കുടുംബത്തിനായി ജീവിക്കേണ്ടി വരും. എന്നാലിവിടെ സ്ത്രീ സ്വതന്ത്രയാണ്. പുരുഷനും സ്ത്രീക്കും തുല്യാവകാശവും ചുമതലയുമാണ്. വീട്ടുജോലി മുതല്‍ മക്കളുടെ വിദ്യാഭ്യാസ ചുമതല വരെ സ്ത്രീയും പുരുഷനും തുല്യമായി പങ്കിടുന്നു.
വിവാഹമെന്ന ചട്ടക്കൂടിലേക്ക് കടന്നാല്‍ അഡ്ജസറ്റ്മെന്റുകളുടെ വാതിലാവും തുറുക്കുകയെന്ന് ലിവിങ് ടുഗദര്‍ വക്താവ് അനില്‍ ജോസ് പറയുന്നു. ചെലവുകള്‍ പങ്കിടാനായി ജോയിന്റ് അക്കൗണ്ട് വരെ തുറന്ന ലിവിങ് ടുഗദര്‍ ദമ്പതിമാരുമുണ്ട്.

വിവാഹമെന്ന ചട്ടക്കൂടിന്റെ ആവശ്യമില്ല -അനില്‍ ജോസ്
അഞ്ച് വര്‍ഷമായി ലിവിങ് ടുഗദര്‍ ബന്ധത്തിലാണ് അനില്‍ ജോസ്. സ്ത്രീക്കും പുരുഷനും പരസ്പര വിശ്വാസത്തോടെ  താമസിക്കാന്‍ വിവാഹമെന്ന ചട്ടക്കൂടിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറയുന്നു. സ്ത്രീക്ക് വിവാഹബന്ധത്തില്‍ ലഭിക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം ലിവിങ് ടുഗദറില്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കൂട്ടായ്മകള്‍  സംഘടിപ്പിക്കുമ്പോഴും വളരെ കുറഞ്ഞ പങ്കാളിത്തമാണുണ്ടാകുന്നത്. സമൂഹത്തിന് മുന്നില്‍ ലിവിങ് ടുഗദര്‍ ബന്ധത്തിലാണെന്ന് പറയാനുള്ള വിമുഖതയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹിതര്‍ക്ക് സമാനര്‍
ലിവിങ് ടുഗദറിന്റെ ആദ്യ ഘട്ടത്തില്‍ മാത്രമേ വിധേയത്വമില്ലാത്ത ബന്ധങ്ങള്‍ സാധ്യമാകുകയുള്ളൂവെന്ന് 'ഫാമിലി സൈക്കോളജി' മാസികയുടെ പഠനം വ്യക്തമാക്കുന്നു. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ഒന്നാം ഘട്ടം. ഇത് കഴിഞ്ഞും ബന്ധം മുന്നോട്ട് പോവുകയാണെങ്കില്‍ വിവാഹിതരുടേതിന് സമാനമായ മാനസിക- ശാരീരിക ബന്ധങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ഒപ്പം പരസ്പര വിശ്വാസത്തോടെയുള്ള വിധേയത്വവും വളര്‍ന്നുവരും. പിന്നീട് ഈ വിധേയത്വം നഷ്ടപ്പെടുകയാണെങ്കില്‍ പരസ്പരം വഴിപിരിഞ്ഞവരാണേറെ എന്നും പഠനം വ്യക്തമാക്കുന്നു.
LivingTogether

എന്തുകൊണ്ട്  ലിവിങ് ടുഗദര്‍?
സ്വന്തം വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കുന്നവരും ബന്ധങ്ങളുടെ ചങ്ങലക്കെട്ടില്‍ മുറിവേല്‍ക്കാന്‍ ആഗ്രഹിക്കാത്തവരുമാണ് പൊതുവെ ലിവിങ് ടുഗദര്‍ ബന്ധത്തിലേര്‍പ്പെടുന്നത്. പ്രണയവും കാമവും നിലനില്‍ക്കുമ്പോഴും അഡ്ജസ്റ്റ്മെന്റ് ചേര്‍ന്നൊരു സൂത്രവാക്യം ഇവര്‍ക്ക് ആവശ്യമില്ല.
ലേബല്‍ -വിവാഹിതര്‍ ലിവിങ് ടുഗദര്‍ ബന്ധത്തില്‍ കഴിയുമ്പോഴും പലപ്പോഴും വിവാഹിതരെന്ന ലേബലാവും സമൂഹത്തിന് ഇവര്‍ നല്‍കുക. ഇതിന് കാരണവുമുണ്ട്. ഒരുമിച്ച് ജീവിക്കാന്‍ താമസ സൗകര്യം അന്വേഷിക്കുമ്പോള്‍ വിവാഹിതര്‍ക്ക് മാത്രമേ വീട് നല്‍കുകയുള്ളൂവെന്ന ഉടമ്പടി ഉടമസ്ഥര്‍ മുന്നോട്ട് വയ്ക്കും. കൂടാതെ ബന്ധം വെളിപ്പെടുത്തല്‍ വിഹിതമെന്ന രീതിയിലുള്ള തുറിച്ച് നോട്ടങ്ങളും ഉണ്ടാകും. ഇത്തരം തുറിച്ചുനോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് 'വിവാഹിതര്‍' എന്ന ലേബല്‍ നല്‍കുന്നത്.

1 comment:

  1. What sports to bet on in the US - Sporting100
    What sports to bet on in the US · 1. College football, basketball, baseball 토토사이트 · 2. College football, basketball, soccer · 3. Baseball.

    ReplyDelete